കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസിൽ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ. കേസിൽ മൂന്ന് പേർക്ക് കൂടി വാറണ്ട് പുറപ്പെടുവിച്ചതായി കനേഡിയൻ അധികൃതർ അറിയിച്ചു.
-------------------aud--------------------------------
കഴിഞ്ഞ വർഷം ഏപ്രിൽ 17നായിരുന്നു എയർ കണ്ടെയ്‌നറിൽ എത്തിയ 22 കോടി കനേഡിയൻ ഡോളർവിലവരുന്ന സ്വർണക്കട്ടികളും വിദേശ നോട്ടുകളും സംഘം കവർന്നത്. ടോറന്റോയിലെ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് കാർഗോ ഇവർ തന്ത്രപരമായി കൈക്കലാക്കിയത്.
സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നിന്ന് എയർ കാനഡ വിമാനത്തിൽ എത്തിയതായിരുന്നു സ്വർണവും കറൻസിയും. കുറഞ്ഞത് രണ്ട് മുൻ എയർ കാനഡ ജീവനക്കാരെങ്കിലും മോഷണത്തിന് സഹായിച്ചതായി പൊലീസ് പറയുന്നു. അതിൽ ഒരാൾ കസ്റ്റഡിയിലായതായും മറ്റൊരാൾക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പൊലിസ് പറഞ്ഞു. അറസ്റ്റിലായവരിൽ ഇന്ത്യൻ വംശജരായ പരംപാൽ സിദ്ധു, അമിത് ജലോട്ട, അമ്മദ് ചൗധരി, അലി റാസ, പ്രസാത് പരമലിംഗം എന്നിവരാണ് അറസ്റ്റിലാണ്. കൃത്യം നടക്കുമ്പോൾ എയർപോർട്ടിലെ ജീവനക്കാരനായിരുന്നു സിദ്ധുവെന്നും പൊലീസ് പറഞ്ഞു.നിലവിൽ ജാമ്യത്തിലുള്ള ഇവരുടെ വിചാരണ ഉടൻ നടക്കും. പ്രതികളിൽ ഒരാൾ യുഎസിലെ പെൻസിൽവാനിയയിൽ വെച്ചാണ് പിടിയിലായത്. ഇയാൾ ഇപ്പോഴും ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിലാവാനുണ്ടെന്നും ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചുവെന്നും കനേഡിയൻ പൊലീസ് അറിയിച്ചു.
കവർച്ചയിൽ പങ്കാളിയായ ജീവനക്കാരിൽ ഒരാളെ പുറത്താക്കിയെന്ന എയർ കാനഡ അറിയിച്ചു. മറ്റൊരാൾ നേരത്തെ തന്നെ കമ്പനി വിട്ടിരുന്നു. എയർ കാനഡ വിമാനത്തിൽ വന്ന സ്വർണം വിദഗ്ധമായി വിമാനത്തിൽ നിന്നും മോഷ്ടിച്ച് കാർഗോ സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വ്യാജ രേഖകളുണ്ടാക്കി അത് വിമാനത്താവളത്തിനുള്ളിൽ നിന്നും കൊണ്ടുപോയി.
2023 ഏപ്രിൽ 17ന് വൈകീട്ടോടെയാണ് ടോറന്റോയിലെ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയത്. വിമാനത്തിലെ കാർഗോയിലുണ്ടായിരുന്ന 400 കിലോ സ്വർണവും 250 ലക്ഷം ഡോളർ മൂല്യമുള്ള വിദേശകറൻസിയും തന്ത്രപൂർവം തട്ടിയെടുത്തത്. പിറ്റേദിവസം ചരക്ക് കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയും ചെയ്തു.
കാർഗോ ടെർമിനലിൽ നിന്ന് സ്വർണക്കട്ടികൾ കടത്തിക്കൊണ്ട് പോയ ട്രക്ക് ഓടിച്ച ഡ്രൈവറെ അടുത്തിടെയാണ് പെൻസിൽവാനിയയിൽ നിന്ന് അനധികൃത ആയുധങ്ങളുമായി പിടികൂടിയിരുന്നു. ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് ഇയാളെ പിടികൂടുന്ന സമയത്ത് ഇയാളുടെ കാറിലുണ്ടായിരുന്നത് അത്യാധുനിക വിഭാഗത്തിൽ അടക്കമുള്ള 65 തോക്കുകളായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
© Copyright 2024. All Rights Reserved