സിപിഎമ്മിൻറെ തെറ്റുതിരുത്തൽ രേഖകൾ ജലരേഖകളാണെന്നും അവയെല്ലാം ചവറ്റു കുട്ടയിലിട്ട് അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാർട്ടിയാണിതെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് തോൽവിയിലും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തൽ രേഖയെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കും. പൂർവാധികം ശക്തിയോടെ തെറ്റുകളിൽ മുഴുകാനുള്ള മറയാണ് തിരുത്തൽ രേഖകൾ എന്നും കെ സുധാകരൻ എംപി പറഞ്ഞു.
-------------------aud----------------------------
മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം ചേർന്ന് എഴുതിയ തെറ്റുതിരുത്തൽ രേഖയിലെ മഷി ഉണങ്ങുംമുമ്പാണ് തിരുവല്ലയിൽ പീഡനക്കേസ് പ്രതിയെ സിപിഎം തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ ഗർഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടത്തിയ ഡിഎൻഎ പരിശോധന അട്ടിമറിച്ചു, വനിതാ നേതാവിന് ലഹരിമരുന്നു നല്കി നഗ്‌നവീഡിയോ ചിത്രീകരിച്ചു പ്രദർശിപ്പിച്ചു തുടങ്ങിയവയാണ് സജിമോനെന്ന സിപിഎം നേതാവിനെതിരേയുള്ള കുറ്റങ്ങൾ.
ക്വട്ടേഷൻകാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പറയുന്നതിനടയ്ക്കാണ് കണ്ണൂർ പെരിങ്ങോമിൽ ഡിവൈഎഫ്ഐ നേതാവ് സജേഷിനെ പുറത്താക്കിയത്. സ്വർണം തട്ടിയെടുക്കൽ സംഘത്തലവനും സിപിഎം സൈബർ പോരാളിയുമായ അർജുൻ ആയങ്കിയുടെ അനുയായിയാണിയാൾ. ഇത്രയും കാലം പാർട്ടി പൊന്നുപോലെ സംരക്ഷിക്കുകയായിരുന്നു.
തൊഴിലാളി വർഗത്തെ ചേർത്തുപിടിക്കണമെന്ന് തെറ്റുതിരുത്തൽ രേഖ പറയുമ്പോൾ, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഒരംഗം മുഖ്യമന്ത്രിയുടെ ഓഫീസിൽ കണ്ട കാഴ്ച വിവരിച്ചത് ഇപ്രകാരംഃ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവരെ മുഖ്യമന്ത്രി എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാഉദ്യോഗസ്ഥർ ബലമായി മാറ്റുന്നു. മുഖ്യമന്ത്രി ഏകാധിപതിയോ എന്നാണ് ഈ അംഗം ചോദിച്ചത്. സംസ്ഥാനത്തെ എല്ലാ സിപിഎം ജില്ലാ കമ്മിറ്റികളും ഐകകണ്‌ഠ്യേന ചൂണ്ടിക്കാട്ടിയത് മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെക്കുറിച്ചാണ്.
മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കൊലയാളികളും ക്വട്ടേഷൻ സംഘവുമായുള്ള പാർട്ടിയുടെ ബന്ധം, കരുവന്നൂർ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള അഴിമതികൾ, ഇതിനെല്ലാം പാർട്ടി നല്കുന്ന സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയുള്ള തെറ്റുതിരുത്തലുകളെല്ലാം കണ്ണിൽ പൊടിയിടാൻ മാത്രമാണന്നും സുധാകരൻ പറഞ്ഞു.
© Copyright 2024. All Rights Reserved