സുനന്ദ പുഷ്കർ മരണക്കേസിൽ പോലീസ് നൽകിയ കുറ്റപത്രം അംഗീകരിച്ച അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി, ജൂലൈ ഏഴിനു കോടതിയിൽ നേരിട്ടു ഹാജരാകാൻ ശശി തരൂരിനു സമൻസ് അയച്ചു. കോടതി നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണു ശശി തരൂരിന്റെ തീരുമാനം.സുനന്ദ പുഷ്കറുടെ മരണം ആത്മഹത്യയാണെന്നു വ്യക്തമാക്കിയും തരൂരിനെതിരേ ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം എന്നീ വകുപ്പുകൾ ചുമത്തിയും ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രമാണു കോടതി ഫയലിൽ സ്വീകരിച്ചത്. തരൂരിനെതിരേ നിരവധി തെളിവുകളും രേഖകളും പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുണ്ടെന്നും അവ പരിശോധിക്കേണ്ടതാണെന്നും മജിസ്ട്രേറ്റ് സമർ വിശാൽ വ്യക്തമാക്കി.300 പേജുള്ള കുറ്റപത്രമാണു പോലീസ് കോടതിയിൽ സമർപ്പിച്ചത്. ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല. എന്റെ എല്ലാ പ്രാർഥനയും മരണത്തിനു വേണ്ടിയാണ്- ജനുവരി എട്ടിനു ശശി തരൂരിന് സുനന്ദ അയച്ച ഇ- മെയിലിൽ പറയുന്നു. ആ മെയിൽ അയച്ച് ഒൻപതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം.സുനന്ദ അനുഭവിച്ച മാനസിക സംഘർഷം സന്ദേശത്തിൽ വ്യക്തമാണെന്നും തരൂരിനെതിരേ ആത്മഹത്യാപ്രേരണ കുറ്റം തെളിയിക്കാനാവുന്നതാണെന്നും പ്രോസിക്യൂട്ടർ വാദം ഉന്നയിച്ചിരുന്നു.ആത്മഹത്യാ കുറിപ്പില്ലെങ്കിലും ഇ-മെയിൽ സന്ദേശങ്ങൾ ആത്മഹത്യാക്കുറിപ്പായി സ്വീകരിക്കണമെന്നാണു പോലീസ് ആവശ്യം.തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണു കുറ്റപത്രത്തിലുള്ളതെന്ന് ആരോപിച്ച ശശി തരൂർ, അതിനെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു. കുറ്റപത്രത്തിലുള്ള ആരോപണങ്ങൾ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. കേസ് കോടതിയുടെ പരിഗണനയിലുള്ളതായതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നില്ലെന്നും ശശി തരൂർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
അതിനിടെ, കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിചാരണക്കോടതിയിൽ അപേക്ഷ നൽകി.
© Copyright 2024. All Rights Reserved