തിയറ്ററിൽനിന്ന് മൊബൈലിൽ സിനിമ റെക്കോർഡ് ചെയ്‌ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയിൽ. തിരുവനന്തപുരം ഏരീസ് തിയറ്ററിൽനിന്നാണ് ഇവരെ പിടിച്ചത്. തമിഴ് സിനിമ 'രായൻ' മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന സംഘം മധുരയിൽനിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.
-------------------aud--------------------------------
ടിക്കറ്റെടുത്ത് തിയറ്ററിൽ കയറി മൊബൈലിൽ സിനിമ പകർത്തുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്ന് സിനിമാ മേഖലയിൽനിന്നുള്ളവർ നിരന്തരം ആവശ്യം ഉന്നയിക്കുന്നതു കണക്കിലെടുത്തു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിൻ്റെ നിർമാതാവായ സുപ്രിയ മേനോൻ കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. രായൻ എന്ന തമിഴ് ചിത്രം പകർത്തുന്നതിനിടെ ഇന്നലെയാണ് തമിഴ്‌നാട് സ്വദേശി സ്‌റ്റീഫനെ പിടികൂടിയത്. തിയറ്റർ മാനേജർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
© Copyright 2023. All Rights Reserved