മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻ മോഷണം. സ്വർണമാലകളും മൊബൈൽഫോണും പഴ്സുകളും വാച്ചുകളും അടക്കം 12 ലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
-----------------------------
വ്യാഴാഴ്ചയായിരുന്നു മുംബൈയിലെ ആസാദ് മൈതാനിയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ധനമന്ത്രി നിർമലാ സീതാരാമനും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമ–വ്യവസായ രംഗത്തെ പ്രമുഖരുമുൾപ്പെടെ ഒട്ടേറെ വിഐപികൾ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ വൻ സുരക്ഷാ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
നാലായിരത്തോളം പൊലീസുകാരാണ് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നത്. രണ്ടാം നമ്പർ ഗേറ്റിലൂടെ ആളുകൾ പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവിൽ നടക്കുന്നത്. ആരെയും പിടികൂടാനായിട്ടില്ല.
© Copyright 2024. All Rights Reserved