ഇന്നലെ ലോക് സഭയിൽ നാലുപേർ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, പുകത്തോക്ക് പൊട്ടിക്കുകയും സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ കനത്ത പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നാല് കേരളാ എം പിമാരുൾപ്പെടെ അഞ്ച് കോൺഗ്രസ് എം പിമാരെ സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
ടി എൻ പ്രതാപൻ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ് എന്നിവർക്കും തമിഴ്‌നാട്ടിൽ നിന്നുള്ള ജ്യോതിമണി എം പിക്കുമാണ് സസ്‌പെൻഷൻ ലഭിച്ചത്. ഇന്ന് രാവിലെ മുതൽ പ്രതിപക്ഷം സർക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് നടത്തിയത്. ബി ജെ പി എം പി പ്രതാപ് സിംഹയുടെ പാസിലാണ് അക്രമികൾ പാർലമെന്റിനകത്ത് കയറിയത്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമായ ഉത്തരം നൽകണമെന്നാണ് കോൺഗ്രസ് എം പിമാർ ആവശ്യപ്പെട്ടത്.
എന്നാൽ പാർലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാകട്ടെ പാർലമെന്റിലെ സുരക്ഷ വീഴ്്ച ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തെ തള്ളുകയായിരുന്നു.സ്പീക്കർ ഓം ബിൽളയാകട്ടെ ലോക്‌സഭയുടെ കസ്‌റ്റോഡിയൻ താനാണെന്നും ഇന്നലെ ഇക്കാര്യത്തിൽ താൻ മറുപടി പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് മറ്റാരും മറുപടി പറയേണ്ടന്നുമായിരുന്നു ഇന്ന് ലോക്‌സഭയിൽ പ്രസതാവിച്ച്. അമിത്ഷാ മറുപടി പറയേണ്ടതില്ലന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ച് നിന്നതോടെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയായിരുന്നു. ഇന്ന് രാവിലെ രാജ്യസഭയിൽ പ്രതിഷേധമുയർത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെയും സസെപൻഡ് ചെയ്തിരുന്നു.
© Copyright 2024. All Rights Reserved