യുകെയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മോഷണവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍, തങ്ങളുടെ എല്ലാ സ്റ്റോറുകളിലുമുള്ള ജീവനക്കാര്‍ക്ക് ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റോറുകള്‍ക്കുള്ളില്‍ മോഷണത്തോടൊപ്പം അക്രമ സംഭവങ്ങളും പെരുകുന്ന സാഹചര്യത്തിലാണിത്.
960 ല്‍ അധികം സ്റ്റോറുകളുള്ള ലിഡില്‍ ജി ബി, എല്ലാ സ്റ്റോറുകളിലും പുതിയ സുരക്ഷാ ഉപാധികള്‍ ഉണ്ടെന്ന് ഉറപ്പാക്കുവാന്‍ ഈ മാസം അവസാനം മുതല്‍ 2 മില്യന്‍ പൗണ്ട് ചെലവ്‌ഴിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2024 വസന്തകാലത്തോടെ ഈ പരിപാടി പൂര്‍ണ്ണമായും നടപ്പിലാക്കുവാനാണ് സൂപ്പര്‍മാര്‍ക്കറ്റ് ശ്രമിക്കുന്നത്. ഇതോടെ എല്ലാ സ്റ്റോറുകളിലും ബോഡി ക്യാമറ ഉപയോഗിക്കുന്ന യു കെയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായി മാറുകയാണ് ലിഡില്‍. ടെസ്‌കോ, സെയിന്‍സ്ബറിസ്, വെയ്റ്റ്‌റോസ്, കോ-ഓപ് തുടങ്ങിയവരും ഈ പാത പിന്തുടരാന്‍ തയ്യാറെടുക്കുകയാണെന്ന് സ്‌കൈ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാമറകള്‍ നല്‍കുന്നതിനൊപ്പം, ഒരു വ്യക്തിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന തരത്തില്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനവും എല്ലാ ജീവനക്കാര്‍ക്കും നല്‍കുമെന്നും ലിഡില്‍ അറിയിച്ചിട്ടുണ്ട്. ഗുരുതരമായതും, സംഘടിതമായതുമായ കുറ്റകൃത്യങ്ങള്‍ റീടെയ്ല്‍ മേഖലയില്‍ നടക്കുന്നത് തടയുന്നതിനുള്ള, പ്രൊജക്ട് പെഗാസസില്‍ കഴിഞ്ഞ മാസം ലിഡില്‍ ഒരു സ്ഥാപകാംഗമായി ചേര്‍ന്നിരുന്നു. നിയമപാലകരും വ്യവസായ മേഖലയിലെ പ്രമുഖരും ഒത്തുചേര്ന്നുള്ള പദ്ധതിയാണിത്.
2023-ലെ ബി ആര്‍ സി ക്രൈം സര്‍വ്വേ അനുസരിച്ച്, റീട്ടെയ്ല്‍ മേഖലയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള അക്രമവും, കൈയ്യേറ്റ ശ്രമങ്ങളും കോവിഡിന് മുമ്പുള്ളതിന്റെ ഇരട്ടിയായിട്ടുണ്ട്. 2021/22 കാലയളവില്‍ പ്രതിദിനം ശരാശരി 867 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുകയാണ്. 2023 -ല്‍ നടന്ന മറ്റൊരു ബി ആര്‍ സി സര്‍വ്വേയില്‍ 10 പ്രധാന നഗരങ്ങളില്‍ ഷോപ്പുകളിലെ മോഷണം 27 ശതമാനത്തോളം വര്‍ദ്ധിച്ചതായി പറയുന്നു.
© Copyright 2024. All Rights Reserved