ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള സ്കൂൾ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപുസ്തകത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ജനറൽ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാർത്ത പ്രചരിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുഫദൽ വൊഹ്റയാണ് ഈ ചിത്രം ആദ്യം എക്സിലൂടെ ഇന്ത്യൻ ആരാധകർക്കായി പങ്കുവച്ചത്. രോഹിത്തിന്റെ ജീവചരിത്രം സംക്ഷിപ്തവും ലഘുവായും വിവരിക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിഭാധനനായ യുവബാറ്റർമാരിൽ ഒരാളാണ് രോഹിത്തെന്നും, താരത്തിന്റെ കുട്ടിക്കാലവും വളർന്നു വന്ന സാഹചര്യങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നുമുണ്ട് ബുക്കിൽ. ഇംഗ്ലീഷിലുളള പാഠഭാഗമാണിത്. നാഗ്പൂരിലെ ബൻസോദിൽ 1987 ഏപ്രിൽ 30ന് ജനിച്ച രോഹിത്ത് തുടക്കകാലത്ത് ഓഫ് സ്പിന്നറായാണ് കളി തുടങ്ങിയത്. എന്നാൽ, ദിനേഷ് ലാഡ് എന്ന കോച്ചാണ് താരത്തിൽ നല്ലൊരു ബാറ്റർ ഒളിഞ്ഞു കിടപ്പുണ്ടെന്ന് തിരിച്ചറിഞ്ഞതും, അതിലേക്ക് അദ്ദേഹത്തെ തിരിച്ചുവിട്ടതും. സ്കൂളിൽ ഫീസടയ്ക്കാൻ മാതാപിതാക്കൾ ബുദ്ധിമുട്ടിയിരുന്നപ്പോൾ, ക്രിക്കറ്റിലെ മികവ് പരിഗണിച്ച് സ്കൂൾ അധികൃതർ അദ്ദേഹത്തിന് സ്കോളർഷിപ്പ് നൽകിയിരുന്നു.
© Copyright 2024. All Rights Reserved