സ്‌കോട്ട് ലൻഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തിൽ വീണ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്.
-------------------aud--------------------------------
പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിൻ ഓഫ് ടമ്മെലിലെ ജലാശയത്തിൽ നിന്നാണ് മൃതദേഹങ്ങൾ എമർജൻസി സർവ്വീസുകാർ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെൽ നദിയും സംഗമിക്കുന്ന ഇവിടം പെർത്ത്ഷയറിലെ പിറ്റ്‌ലോക്രിയിൽ നിന്നും വടക്ക് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.
ഡൺഡീ യൂണിവെഴ്സിറ്റിയിലെ നാല് വിദ്യാർത്ഥികൾ ഇവിടെ ട്രക്കിംഗിന് എത്തിയതായും അവരിൽ രണ്ടുപേർ ജലാശയത്തിലേക്ക് വീഴുകയുമായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 22 ഉം 27 ഉം വയസ്സുള്ള പുരുഷന്മാരാണ് മരണമടഞ്ഞവർ. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികളായിരുന്നു എമർജൻസി വിഭാഗത്തെ വിവരം അറിയിച്ചത്. പോലീസ്, ഫയർ, ആംബുലൻസ് വിഭാഗങ്ങളും സംഭവസ്ഥലത്ത് ഉടനടി എത്തിച്ചേർന്നു.
ആന്ധ്രാപ്രദേശിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങി മരിച്ച നിർഭാഗ്യകരമായ സംഭവം ഉണ്ടായതായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വക്താവും സ്ഥിരീകരിച്ചു. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഈ വിദ്യാർത്ഥികളുടെ കുടുംബവുമായി ബന്ധം പുലർത്തി വരികയാണെന്നും, ഒരു കോൺസുലർ ഉദ്യോഗസ്ഥൻ, മരിച്ച വിദ്യാർത്ഥികളിൽ ഒരാളുടെ, യു കെയിലുള്ള ബന്ധുവിനെ സന്ദർശിച്ചതായും വക്താവ് അറിയിച്ചു.
യൂണിവേഴ്സിറ്റി ഓഫ് ഡൺഡീ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. മരണത്തിൽ സംശകരമായ ഒന്നുമില്ലെന്ന് സ്‌കോട്ട്‌ലാന്ദ് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
© Copyright 2024. All Rights Reserved