സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകൾ പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ല. ധരിക്കുന്ന വസ്ത്രവും, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചതുമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതിയുടെ നടപടിക്കതിരെ ചെങ്ങന്നൂർ സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.
-------------------aud--------------------------------
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണ്. ഏതുവസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഉഭയസമ്മതപ്രകാരം ഈവർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയിൽ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി മാവേലിക്കര കുടുംബകോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന വിലയിരുത്തൽ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved