സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് പറഞ്ഞ് നടൻ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' സിനിമയുടെ പ്രമോഷനിടെയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. സംവിധായകൻ ജീത്തു ജോസഫും വിഷയത്തിൽ നിലപാട് വ്യക്തമാക്കി
തന്റെ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി.
'സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എൻ്റെ അഭിപ്രായം. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത് - മോഹൻലാൽ പറഞ്ഞു.'ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എൻ്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെയൊന്നുമുണ്ടാകില്ല. അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം. ഒരുപാട് സിനികമളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ചയാളാണ് താൻ'-മോഹൻലാൽ പറഞ്ഞു.
സംവിധായകൻ ജീത്തു ജോസഫും വിഷയത്തിൽ നിലപാട് വ്യക്തമാക്കി. ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ സ്ട്രോങ് ആണെന്നും സ്ത്രീധനം ചോദിക്കുന്നവരെ വേണ്ട എന്ന് അവർ പറയും എന്നും ജീത്തു ജോസഫ് പറഞ്ഞു. 'ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ അല്ല. ഇപ്പോൾ പെൺകുട്ടികളും സ്ട്രോങ് ആണ്. എനിക്ക് രണ്ട് പെൺകുട്ടികളാണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്. പക്ഷേ ചില പെൺകുട്ടികൾ ഇമോഷനലി പെട്ടുപോയിക്കാണും. പക്ഷേ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്."- ജീത്തു ജോസഫ് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ എത്തുന്നത്. ഡിസംബർ 21 ന് ക്രിസ്മസ് റിലീസായാണ് നേര് തിയേറ്ററുകളിലെത്തുന്നത്.
ദൃശ്യത്തിൽ അഭിനയിച്ച അഡ്വ.ശാന്തി മായാദേവിയാണ് ചിചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ അഭിഭാഷകൻ്റെ വേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്.
പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ഗണേശ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നേര് നിർമിച്ചത്
© Copyright 2025. All Rights Reserved