സ്പാനിഷ് ലാ ലിഗയിൽ ജീറോണയുടെ അദ്ഭുതക്കുതിപ്പ് തുടരുന്നു. വമ്പന്മാരായ ബാഴ്‌സലോണയെ അവരുടെ തട്ടകത്തിൽ കശക്കിയെറിഞ്ഞ മിഷെലിൻ്റെ 'വണ്ടർ സ്ക്വാഡ്' റയലിനെ മറികടന്ന് ലീഗിൽ ഒന്നാമതെത്തി.
രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലീഗിൽ അവിശ്വസനീയ കുതിപ്പ് നടത്തുന്ന ജീറോണ തകർപ്പൻ ജയം സ്വന്തമാക്കിയത്.
ലീഗിൽ ആദ്യമായാണ് ജിറോണ കാറ്റാലൻ പടയെ പരാജയപ്പെടുത്തുന്നത്. ആർടെം ഡോവ്ബിക്ക്, മിഗ്വൽ ഗുട്ടറസ്, വലേരി ഫെർണാണ്ടസ്, ക്രിസ്ത‌്യൻ സ്റ്റുവാനി എന്നിവർ ജിറോണക്കായി വലകുലുക്കി. റോബർട്ട് ലെവൻഡോവ്‌സ്‌കി, ഇൽകെ ഗുണ്ടോഗൻ എന്നിവരുടെ വകയായിരുന്നു ബാഴ്‌സയുടെ ഗോളുകൾ. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ഒളിമ്പിക് ലൂയിസ് കമ്പനിസ് സ്റ്റേഡിയത്തിൽ ജിറോണയാണ് ഗോൾവേട്ടക്ക് തുടക്കംകുറിച്ചത്. 12-ാം മിനിട്ടിൽ സിഗാൻകോവിന്റെ ക്രോസിൽ ഡോവ്ബിക്കാണ് ഗോൾ നേടിയത്.
എന്നാൽ, 19-ാം മിനിട്ടിൽ പോളിഷ് സൂപ്പർതാരം ലെവൻഡോവ്‌സ്ക്കിയിലൂടെ ഹെഡറിലൂടെ ബാഴ്സ ഒപ്പമെത്തി. റാഫിഞ്ഞയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതിക്കു പിരിയാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കേ, ഗുട്ടറസിൻ്റെ ഗോളിലൂടെ ജിറോണ വീണ്ടും മുന്നിലെത്തി. 2-1 എന്ന സ്കോറിനാണ് ബ്രേക്കിനു പിരിഞ്ഞത്. 80-ാം മിനിറ്റിൽ ഫെർണാണ്ടസിലൂടെ ജിറോണ ലീഡ് വർധിപ്പിച്ചു. ഇഞ്ചുറി ടൈമിൽ (90+2) ജർമൻ സൂപ്പർതാരം ഗുണ്ടോഗനിലൂടെ ബാഴ്‌സ രണ്ടാം ഗോൾ നേടി. എന്നാൽ ഇൻജുറി ടൈമിൻ്റെ അവസാന നിമിഷത്തിൽ (90+5) ജിറോണ ബാഴ്‌സയുടെ നെഞ്ചത്ത് അവസാന ആണിയും തറച്ചു. ജിറോണക്ക് 4-2ൻ്റെ മിന്നുംജയം. പന്ത് കൈവശം വെക്കുന്നതിലും ഷോട്ട് തൊടുക്കുന്നതിലും ബാഴ്‌സക്കായിരുന്നു മുൻതൂക്കം. 16 മത്സരങ്ങളിൽനിന്ന് 13 ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി 41 പോയൻ്റുമായാണ് ജിറോണ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമതുള്ള റയലിന് 16 മത്സരങ്ങളിൽനിന്ന് 39 പോയൻ്റാണുള്ളത്. 34 പോയൻ്റുമായി അത്ലറ്റികോയും ബാഴ്സയും മൂന്നാം നാലും സ്ഥാനത്താണ്.
ലീഗിൽ അദ്ഭുത കുതിപ്പ് നടത്തുന്ന ജിറോണ ഇത്തവണ കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 1999ൽ അഞ്ചാം ഡിവിഷനിലായിരുന്നു അവർ. അടുത്ത വർഷം നാലാം ഡിവിഷനിലെത്തി. 2004ൽ മൂന്നാം ഡിവിഷനിൽ, 2010ൽ രണ്ടാം ഡിവിഷനിൽ, 2019ലാണ് ഒന്നാം ഡിവിഷനായ ലാലിഗയിലേക്ക് എത്തുന്നത്.
© Copyright 2024. All Rights Reserved