സൂറത്തിലെ ലാലാഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിൽ കൊണാർക്ക് സൂര്യാസ് ഒഡിഷയ്ക്കെതിരായ മത്സരത്തിൽ സതേൺ സൂപ്പർ സ്റ്റാർസിന് വേണ്ടിയാണ് ഗുപ്റ്റിൽ കളിച്ചത്.
നവീൻ സ്റ്റുവാർട്ടിന്റെ ഒരോവറിൽ 5 സിക്സും ഒരു ഫോറും അടിച്ചാണ് ഗുപ്റ്റിൽ തിളങ്ങിയത്. പവർപ്ലേയുടെ അവസാന ഓവറിൽ ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ് പറത്തിയാണ് ഗുപ്റ്റിൽ ആരംഭിച്ചത്. തുടർന്നുള്ള രണ്ടുപന്തും സമാനമായ നിലയിൽ സ്റ്റേഡിയത്തിൽ എത്തിച്ച ഗുപ്റ്റിലിന് നാലാമത്തെ പന്തിൽ മാത്രമാണ് സിക്‌സ് കണ്ടെത്താൻ കഴിയാതെ വന്നത്. ലെജൻഡ്സ് ലീഗിൽ തന്നെ തൊട്ടുമുൻപത്തെ കളിയിൽ ഗുപ്റ്റിൽ ഒരു ഓവറിൽ 30 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഈ റെക്കോർഡ് ഗുപ്റ്റിൽ തന്നെ തിരുത്തുന്നതിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 54 പന്തിൽ 131 റൺസുമായി പുറത്താകാതെ നിന്ന ഗുപ്റ്റിൽ ടീമിന്റെ ഏഴു വിക്കറ്റ് വിജയത്തിൽ നിർണായക സംഭാവനയാണ് നൽകിയത്. ആദ്യം ബാറ്റ് ചെയ്ത കൊണാർക്ക് സൂര്യാസ് ഒഡിഷ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് ആണ് നേടിയത്. ഭേദപ്പെട്ട സ്‌കോറാണെന്ന ആത്മവിശ്വാസത്തോടെ പന്തെറിയാൻ എത്തിയ സൂര്യാസ് ഒഡിഷ ബൗളർമാരെ ഗുപ്റ്റിൽ കണക്കറ്റ് ശിക്ഷിക്കാൻ തുടങ്ങിയതോടെ, ടീമിന്റെ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു.
© Copyright 2025. All Rights Reserved