യുകെയുടെ സാമ്പത്തിക മേഖലയെ കുറിച്ച് ദുരന്തം പ്രവചിക്കുന്ന തിരക്കിൽ പ്രധാനമന്ത്രി മുഴുകുമ്പോൾ ഈ പ്രവചനാതീതമായ അവസ്ഥയ്ക്ക് മുകളിൽ പ്രതീക്ഷയുടെ വെളിച്ചമായി പൗണ്ട്. ഇന്നലെ ഡോളറിന് എതിരെ രണ്ട് വർഷത്തിനിടെയുള്ള ഉയർന്ന നിരക്കിലേക്കാണ് പൗണ്ട് ഉയർന്നത്.
-------------------aud--------------------------------
ഡോളറിന് എതിരെ 1.3246 ഡോളർ എന്ന നിലയിലാണ് സ്‌റ്റെർലിംഗ് നിലകൊള്ളുന്നത്. 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇത് നീങ്ങിയത്. കറൻസി ശക്തമായ നിലയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മികച്ച സാമ്പത്തിക വളർച്ചയും, യുഎസിൽ കുത്തനെയുള്ള പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിനും സാധ്യത തെളിയുന്ന സാഹചര്യത്തിലാണ് ഈ പ്രകടനം. കൂടാതെ യൂറോയ്ക്ക് എതിരെ 1.1852 യൂറോ എന്ന നിലയിലും പൗണ്ട് കരുത്ത് തെളിയിക്കുന്നുണ്ട്. പൗണ്ട് ശക്തിപ്പെട്ടത് ഹോളിഡേ യാത്രക്ക് ഇറങ്ങുന്നവർക്ക് ഏറെ ഗുണം ചെയ്യും. ലേബർ ഗവൺമെന്റ് എല്ലാം മോശമാണെന്ന് വിധിയെഴുതുമ്പോഴാണ് മറുഭാഗത്ത് കറൻസി ശക്തി കാണിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയാണ് തങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളതെന്നാണ് ചാൻസലർ റേച്ചൽ റീവ്‌സിന്റെ ആവർത്തിച്ചുള്ള നിലപാട്.
കാര്യങ്ങൾ മെച്ചപ്പെടുന്നതിന് മുൻപ് എല്ലാം മോശമാകുമെന്ന് ഇന്നലെ നം10 അഭിസംബോധനയിൽ കീർ സ്റ്റാർമറും നിലപാട് സ്വീകരിച്ചു. ഒക്ടോബർ ബജറ്റിൽ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് അനിവാര്യമായി മാറിയെന്നാണ് ന്യായം. ഇതോടെ നികുതി വർദ്ധനവുകൾ സാധ്യമായ എല്ലാ ഭാഗത്ത് നിന്നും ഉയരും. ഈ വർഷം ആദ്യ പാദത്തിൽ ജി7 രാജ്യങ്ങളിൽ ഏറ്റവും ശക്തമായ സാമ്പത്തിക വളർച്ചയുള്ള രാജ്യമാണ് യുകെ.
© Copyright 2024. All Rights Reserved