കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തത്. 23 മലയാളികൾ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതിൽ മലയാളികളുടേയും തമിഴ്‌നാട്, കർണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
-------------------aud--------------------------------fcf308
ഉത്തർപ്രദേശിൽ നിന്നും നാലുപേർ, ആന്ധ്ര സ്വദേശികളായ മൂന്നുപേർ, ബിഹാർ, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നും തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് ഇവരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ കൈമാറുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങും മൃതദേഹങ്ങളെ അനുഗമിച്ച് വിമാനത്തിലുണ്ട്.രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. രാജ്യത്തിന് നേരിട്ട വലിയ ദുരന്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചത്. അപകടത്തിൽ കുവൈത്ത് സർക്കാരിന്റെ കുറ്റമറ്റ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രസർക്കാരും ശരിയായ തരത്തിൽ ഇടപെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിൽ പോയി ഏകോപനം നിർവഹിച്ചു. കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് സർക്കാർ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യാ സർക്കാരും കുവൈത്തുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത കൂട്ടാൻ ശ്രമിക്കണം. ദുരന്തത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ തമിഴ്‌നാട് ന്യൂനപക്ഷക്ഷേമ മന്ത്രി കെ എസ് മസ്താൻ കൊച്ചിയിൽ എത്തിയിരുന്നു.
© Copyright 2024. All Rights Reserved