തെരഞ്ഞെടുപ്പിനു മുമ്പായി സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന പതിവിനെ വിമർശിച്ച് സുപ്രീം കോടതി. സൗജന്യ റേഷനും പണവും കിട്ടിയാൽ പിന്നെ ആളുകൾ ജോലി ചെയ്യാൻ മടിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
-----------------------------
നഗര മേഖലകളിലെ വീടില്ലാത്തവർക്ക് അഭയ സ്ഥാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ബിആർ ഗവായിയുടെയും അഗസ്റ്റിൻ ജോർജ് മാസിയുടെയും നിരീക്ഷണം. ''സൗജന്യങ്ങൾ കിട്ടുന്നതുകൊണ്ട് ജനങ്ങൾ ജോലിക്കു പോവില്ല. അവർക്കു റേഷൻ കിട്ടുന്നുണ്ട്, പണം കിട്ടുന്നുണ്ട്, ഒരു ജോലിയും ചെയ്യാതെ തന്നെ''- കോടതി പറഞ്ഞു. സൗജന്യങ്ങൾ കൊടുക്കുന്നതിനു പകരം ജനങ്ങളെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കി, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. നഗര ദാരിദ്ര്യ നിർമാർജന മിഷന് കേന്ദ്ര സർക്കാർ രൂപം നൽകി വരികയാണെന്ന് അറ്റോർണി ജനറൽ ആർ വെങ്കടരമണി കോടതിയെ അറിയിച്ചു. വീടില്ലാത്തവർക്ക് വീട് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ വരുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു.
ദാരിദ്ര്യ നിർമാർജന മിഷൻ എപ്പോൾ പ്രവർത്തന ക്ഷമമാവുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹർജികൾ ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി.
© Copyright 2024. All Rights Reserved