ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ ഇനി ചൈനക്കാരുടെ കാലമാണോ വരുന്നത്? ചൈനയിൽ നിന്നുള്ളവരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായിട്ടാണ് ചൈനയ്ക്ക് അപ്രൂവ്ഡ് ഡെസ്റ്റിനേഷൻ സ്റ്റാറ്റസ് അഥവാ എഡിഎസ് പദവി കൂടി സൗദി അറേബ്യ നൽകിയിരിക്കുന്നത്.
-------------------aud--------------------------------
ജൂലൈ ഒന്ന് മുതലാണ് ചൈനയ്ക്ക് എഡിഎസ് പദവി ലഭിക്കുക. സാമ്പത്തിക വികസന രംഗത്ത് ചൈനയുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ചൈനയ്ക്കും സൗദിക്കും ഗുണമാകുന്നതാണ് സൗദിയുടെ നടപടി. അതേസമയം തന്നെ സൗദി പ്രതിരോധ മന്ത്രി ചൈനയിലെത്തി സൈനിക-സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തു. ചൈനീസ് വിരുദ്ധ പക്ഷത്ത് നിൽക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ളവർ സസൂക്ഷ്മം നിരീക്ഷിക്കുകയാണിതെല്ലാം
എണ്ണയിതര വരുമാന മാർഗം തേടുന്ന സൗദി അറേബ്യ ടൂസിറ്റുകളെ കൂടുതലായി ആകർഷിക്കാൻ വേണ്ടിയാണ് ചൈനയ്ക്ക് എഡിഎസ് പദവി നൽകിയത്. 2030 ആകുമ്പോഴേക്കും സൗദിയിൽ സന്ദർശനം നടത്തുന്നവരിൽ മൂന്നാം സ്ഥാനം ചൈനക്കാർക്കാകുമെന്നാണ് പ്രതീക്ഷ. ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകളെ സൗദിയിലെത്തിക്കാൻ യാത്രാ സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും വിസാ നടപടികൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. 2023ന് ശേഷം സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ എണ്ണം സൗദി അറേബ്യ ഇരട്ടിയാക്കിയിട്ടുണ്ട്. ഫീസുകൾ കുറച്ചും വിമാന സൗകര്യങ്ങൾ വർധിപ്പിച്ചുമാണ് സൗദി ചൈനയ്ക്കാരെ ആകർഷിക്കുന്നത്. മാത്രമല്ല, സൗദിയുടെ ഔദ്യോഗിക യാത്രാ വെബ്‌സൈറ്റുകളിൽ ചൈനീസ് പ്രാദേശിക ഭാഷയും ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ചൈനീസ് ഭാഷയിൽ വിവരങ്ങൾ ലഭിക്കും. മാത്രമല്ല, ചൈനീസ് ഡിജിറ്റൽ ഇടപാടുകൾ സൗദിയിലും സാധ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 50 ലക്ഷം ചൈനക്കാരെ ആകർഷിക്കുകയാണ് സൗദിയുടെ ലക്ഷ്യം. സൗദിയുടെ വിമാനങ്ങൾക്ക് പുറമെ എയർ ചൈന, ചൈന ഈസ്റ്റേൺ, ചൈന സതേൺ എന്നിവയുടെ വിമാന സർവീസും ഇരട്ടിയാക്കി. പ്രതിവാരം നിരവധി വിമാനങ്ങളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്നത്.അതേസമയം, സൗദിയുമായുള്ള ബന്ധം ദൃഢമാകുന്നത് തങ്ങൾക്ക് നേട്ടമാകുമെന്ന് ചൈനയും മനസിലാക്കുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അറബ് ലോകത്ത് വിശാലമായ വിപണി കൂടി ലഭിക്കുകയാണ്. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം ചൈനയിലെത്തി സൈനിക ചർച്ചകൾ നടത്തി. സൗദിയുടെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമായി.
നേരത്തെ സുരക്ഷാ കാര്യങ്ങളിൽ സൗദിയുടെ പ്രധാന ചർച്ചകളും ഇടപാടുകളും അമേരിക്കയുമായിട്ടായിരുന്നു. എന്നാൽ യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായും സൗദി അറേബ്യ സഹകരണം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള പെട്രോഡോളർ കരാർ സൗദി പുതുക്കാത്തതും ഇതോട് ചേർത്ത് വായിക്കാം. സൗദിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും ചൈന മുഖ്യ പങ്കാണ് വഹിക്കുന്നത്. ഹാജിമാർക്ക് ഏറെ ഉപകാരപ്പെട്ട മക്ക മെട്രോ നിയന്ത്രിക്കുന്നത് ചൈന റെയിൽവെ കൺസട്രക്ഷൻ കോർപറേഷൻ ആണ്.
© Copyright 2024. All Rights Reserved