എണ്ണ വിപണിയിൽ അപ്രതീക്ഷിത നീക്കവുമായി സൗദി അറേബ്യ. അറബ് ലൈറ്റ് ക്രൂഡിന് സൗദി അരാംകോ വില കുറച്ചു. 27 മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് സൗദി അറേബ്യ ഏഷ്യയിലേക്ക് ക്രൂഡ് ഓയിൽ നൽകാൻ പോകുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം അരംകോ എടുത്തത്. ഇന്ത്യയ്ക്ക് വലിയ നേട്ടമാണ് സൗദിയുടെ തീരുമാനം.
-------------------aud--------------------------------
ഏഷ്യൻ രാജ്യങ്ങളിലേക്ക് നൽകുന്ന എണ്ണയുടെ വിലയിൽ ബാലരിന് രണ്ട് ഡോളർ ആണ് അരാംകോ കുറച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ നൽകുന്ന എണ്ണയുടെ വിലയാണ് ഇപ്പോൾ നിശ്ചയിച്ചത്. ജനുവരിയിൽ നൽകുന്ന എണ്ണയുടെ വില കഴിഞ്ഞ മാസം കുറച്ചിരുന്നു. ബാരലിന് ഒന്നര ഡോളർ ആയിരുന്നു അന്ന് കുറച്ചത്. ആഴ്ചകളുടെ വ്യത്യാസത്തിൽ മൊത്തം മൂന്നര ഡോളർ ആണ് സൗദി കുറച്ചിരിക്കുന്നത്.
റഷ്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടുത്തിടെ മറ്റു വഴികൾ തേടിയിരുന്നു. റഷ്യ നേരിയ തോതിൽ വില ഉയർത്താൻ തുടങ്ങിയതാണ് കാരണം. ഈ ഘട്ടത്തിലാണ് സൗദിയുടെ അവസരോചിത ഇടപെടൽ. സൗദിയുടെ എണ്ണയെ ഇന്ത്യ കൂടുതൽ ആശ്രയിക്കാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. വിപണി നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രണ്ടാമത്തെയും മൂന്നാമത്തെയും രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. രണ്ടും ഏഷ്യൻ രാജ്യങ്ങളായതിനാൽ ഈ വിപണികൾ വരുതിയിൽ നിർത്തേണ്ടത് സൗദിയുടെ ആവശ്യമാണ്. ഇതാണ് ഏഷ്യയിലേക്ക് നൽകുന്ന എണ്ണയ്ക്ക് വില തുടർച്ചയായി കുറയ്ക്കുന്നത്. അതേസമയം, നോർത്ത് അമേരിക്ക, നോർത്ത് വെസ്റ്റ് യൂറോപ്പ്, മെഡിറ്ററേനിയൻ മേഖല എന്നിവിടങ്ങളിലേക്കുള്ള എണ്ണവിലയും നേരിയ തോതിൽ സൗദി കുറച്ചിട്ടുണ്ട്. റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ് എണ്ണ വിപണിയിൽ സൗദി അറേബ്യ വെല്ലുവിളി നേരിടുന്നത്. 2017ന് ശേഷം ഷെയ്ൽ ഓയിൽ അമേരിക്ക കൂടുതലായി ഏഷ്യൻ രാജ്യങ്ങൾക്ക് നൽകുന്നുണ്ട്. യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം വരുമാനം കണ്ടെത്താൻ റഷ്യ വില കുറച്ച് എണ്ണ വിൽക്കുകയും ചെയ്യുന്നു. ഈ രണ്ട് രാജ്യങ്ങളുടെയും നീക്കം സൗദിക്ക് വലിയ ക്ഷീണം ചെയ്തു.എന്നാൽ ഏത് സമയവും ഉൽപ്പാദനം ഉയർത്താനും താഴ്ത്താനും സാധ്യമാകുന്ന സൗദി അരാംകോ നിലവിലെ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഏഷ്യൻ വിപണിയിലെ അപ്രമാദിത്തം പിടിച്ചുനിർത്താനാണ് വില കുറച്ചിരിക്കുന്നത്. ഇതോടെ ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ റഷ്യയെ കൈവിടാനാണ് സാധ്യത.പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എണ്ണവില ഉയർത്തിയേക്കുമെന്ന ആശങ്ക വിപണിയിലുണ്ടായിരുന്നു. ഈ വേളയിലാണ് സൗദി അറേബ്യ വില കുറച്ച് വിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതാകട്ടെ ലോക രാജ്യങ്ങൾക്ക് ശുഭപ്രതീക്ഷ നൽകുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സൗദി വില കുറച്ച് നൽകുന്നത് ഈ അവസരത്തിൽ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.
© Copyright 2023. All Rights Reserved