സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ സർക്കാർ തന്നെ പുറത്തിറക്കിയ പ്രചാരണ വീഡിയോയിക്കെതിരെ ജീവനക്കാർ. തദ്ദേശസ്വയംഭരണവകുപ്പിലെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ആപ്പിന്റെ പ്രചാരണ വീഡിയോയാണ് വിവാദത്തിലായിരിക്കുന്നത്.
ഹോട്ടൽതുടങ്ങുന്നതിന് അനുമതിതേടുന്നയാളും ഉദ്യോഗസ്ഥനും ഭക്ഷണം കഴിക്കാനെത്തുന്ന ഒരാളുമാണ് വീഡിയോയിൽ. ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കുന്ന രംഗത്തോടെയാണ് വീഡിയോയുടെ തുടക്കം. ഇങ്ങനെ ഭക്ഷണം കഴിക്കൽമാത്രമേ നടക്കുന്നുള്ളൂ, ലൈസൻസ് കിട്ടുന്നില്ലല്ലോയെന്നു പരാതിപ്പെടുന്നു അപേക്ഷകൻ.
ശരിയാക്കിത്തരാം, പക്ഷേ, അവിടെ വേറെ ചെലവന്മാരുണ്ട്, അവരെ കാണേണ്ടപോലെ കണ്ടാലേ കാര്യം നടക്കൂ എന്ന് വലിച്ചുവാരി ഭക്ഷണംകഴിക്കുന്ന ഉദ്യോഗസ്ഥന്റെ മറുപടി.
ഇതുകേട്ട് തൊട്ടപ്പുറത്തിരുന്നു ഭക്ഷണംകഴിക്കുന്ന മൂന്നാമൻ, ‘ഭായി, ലൈസൻസ് കിട്ടാൻ ഇങ്ങനെ സുഖിപ്പിക്കേണ്ട, കെ-സ്മാർട്ടുവഴി ഓൺലൈനിൽ അപേക്ഷിച്ചാൽമതി’യെന്നു പറയുന്നു. കഴിച്ച ഭക്ഷണത്തിന്റെ പണം നൽകിയിട്ടു പൊയ്‌ക്കോയെന്നുപറഞ്ഞ് അപേക്ഷകൻ സ്ഥലംവിടുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഇതു ജീവനക്കാരെ അവഹേളിക്കലാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കെ-സ്മാർട്ട് തയ്യാറാക്കിയ ഇൻഫർമേഷൻ മിഷൻ കേരളയുടെതാണ് പരസ്യം പിൻവലിക്കണമെന്ന് ജീവനക്കാരുടെ സംഘടന തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
© Copyright 2025. All Rights Reserved