സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും 25000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവെച്ച് പിണറായി സർക്കാർ അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. 50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ നൽകിയിട്ട് നാലുമാസം കഴിഞ്ഞു. കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം ഒരു സർക്കാർ 10 ലക്ഷത്തോളം ജീവനക്കാർക്കും പെൻഷൻകാർക്കുമെതിരെ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് ഇത്രയും നിഷ്ഠൂരമായ പ്രവർത്തികൾ ചെയ്യുന്നത്. എന്തിരുന്നാലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആർഭാടത്തിനും ദുർചെലവിനും ഒരു കുറവുമില്ല. പാർട്ടിക്കാർക്ക് അവരുടെ ഇഷ്ടത്തിന് അഴിമതി നടത്താൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ സേവനങ്ങൾക്കെല്ലാം അമിതമായ ഫീസും തൊട്ടതിനും പിടിച്ചതിനും എല്ലാം അന്യായ നികുതിയും ഈടാക്കുന്നു. എന്നാൽ ജീവനക്കാർക്ക് നൽകാനുള്ള അവരുടെ അവകാശപ്പെട്ട ആനുകൂല്യം നൽകുന്ന കാര്യത്തിൽ സർക്കാർ മലക്കം മറയുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
പിണറായി സർക്കാറിന്റെ വകുപ്പുകളെല്ലാം ഒന്നിനൊന്നു പരാജയമാണെങ്കിൽ അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ധനം വകുപ്പ് ആണെന്ന് അദ്ദേഹം പരിഹസിച്ചു. 2019 നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ഒരു ഗഡുപോലും നാലുവർഷം കഴിഞ്ഞിട്ടും സർക്കാർ നൽകിയിട്ടില്ല. കഴിഞ്ഞ ഏപ്രിൽ നൽകേണ്ട ഗഡു മാറ്റി വെച്ചതിന് പിന്നാലെ ഒക്ടോബറിലെ രണ്ടാമത്തെ ഗഡുവും ഇപ്പോൾ മാറ്റിവെച്ചിരിക്കുകയാണ്. അടുത്തവർഷം ലഭിക്കേണ്ട മൂന്നും നാലും ഗഡുക്കളും അനിശ്ചിതത്തിൽ ആണെന്നും ആയിരത്തിലേറെ പെൻഷൻകാർ കുടിശ്ശിക കിട്ടാതെ മരണമടഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
© Copyright 2023. All Rights Reserved