നിലമ്പൂരിലെ റോഡ് നിർമാണോദ്ഘാടനത്തിൽ രാഹുൽ ഗാന്ധി എംപിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ എപി അനിൽകുമാർ. റോഡ് നിർമാണം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ആരാണെന്നു ചോദിച്ച മുഖ്യമന്ത്രിക്ക് അധികാരത്തിൻറെ മത്തു പിടിച്ചിരിക്കുകയാണെന്ന് എപി അനിൽകുമാർ ആരോപിച്ചു. മുഖ്യമന്ത്രി ഇതിനപ്പുറവും പറയും. പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനീയറേ അറിയിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചത്. മുഖ്യമന്ത്രിക്ക് ഇതൊക്കെ പറയാൻ ധാർമികതയുണ്ടോ?. രാജകല്പന പോലെയാണ് സർക്കാരിൻറെ പരിപാടികൾ മുഖ്യമന്ത്രി നടത്തുന്നത്. എംഎൽഎമാരുടെ സൗകര്യം പോലും ചോദിക്കാതെയാണ് സർക്കാർ പരിപാടികൾ നടത്തുന്നത്. മണ്ഡലത്തിലെ ഉദ്ഘാടന കാര്യങ്ങൾ അറിയുന്നത് തലേദിവസം ആണെന്നും എപി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച നിലമ്പൂരിലെ റോഡുകളുടെ നിർമാണ പ്രവൃത്തി പിവി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്പത്തമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved