എൻഎച്ച്എസ് ബജറ്റിന്റെ അവസ്ഥയെ കുറിച്ച് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ദിവസേന വർദ്ധിച്ചുവരുന്ന ഡിമാൻഡ് സേവനങ്ങളിൽ കനത്ത സമ്മർദം ചെലുത്തുന്നു. ഇതിനൊപ്പം സമരങ്ങളുടെ പേരിൽ വൻ നഷ്ടം സംഭവിക്കുന്നു. ഈ ചെലവുകൾക്കുള്ള പണം തിരികെ പിടിക്കാൻ സേവനങ്ങൾ കുറയ്ക്കാൻ ആലോചിക്കുകയാണ് എൻഎച്ച്എസ് ഇംഗ്ലണ്ട്. ഇതിനിടയിലാണ് പ്രതിവർഷം 800 മില്ല്യൺ പൗണ്ട് നഷ്ടപരിഹാരം നൽകേണ്ടി വരുന്ന ഗുരുതര വീഴ്ചകൾ ഒഴിവാക്കാൻ കഴിയാതെ പണം ഒഴുക്കുന്നത്.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായി കണക്കാക്കുന്ന വീഴ്ചകൾ ദിവസേന ഒന്നുവീതം എൻഎച്ച്എസ് ജീവനക്കാർ സംഭാവന ചെയ്യുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുന്ന അബദ്ധങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും ഈ പരിപാടികൾ തുടർക്കഥയാകുകയാണ്. അസ്വീകാര്യമായ തോതിൽ നടക്കുന്ന സംഭവങ്ങൾ തടയാൻ അടിയന്തര നടപടി വേണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. 2013 മുതൽ ഇംഗ്ലണ്ടിൽ 4328 അനിഷ്ട സംഭവങ്ങൾ നേരിട്ടെന്നാണ് കണക്കുകൾ. ആഴ്ചയിൽ എട്ടെണ്ണം വീതമാണ് അരങ്ങേറുന്നത്. അപ്പെൻഡിക്‌സ് നീക്കം ചെയ്യുന്നതിന് പകരം സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങൾ നീക്കുന്നതും, പുരുഷൻമാർക്ക് അനാവശ്യമായി സുന്നത്ത് നടത്തുന്നതും, കണ്ണ് മാറി ലേസർ ചികിത്സ നടത്തുന്നതുമെല്ലാം ഇതിൽ പെടുന്നു.
ഇതിനെല്ലാം പുറമെ ശരീരത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തിയും, സർജിക്കൽ ഗ്ലൗസും, കോണ്ടത്തിന്റെ ഭാഗങ്ങളും വരെ സർജറിക്ക് ശേഷം മറന്നുവെയ്ക്കുന്ന സംഭവങ്ങളും പതിവാണ്. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തി ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരം കാണുന്നില്ല. 2014-ൽ തന്നെ ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കണമെന്ന് അന്ന് ഹെൽത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ട് ആവശ്യപ്പെട്ടിരുന്നു.
കാത്തിരിപ്പ് പട്ടിക മലപോലെ ഉയരുന്നതിനിടെയാണ് ഇത്തരത്തിലുള്ള അബദ്ധങ്ങളുടെ പേരിൽ പണം പോകുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായി കണക്കാക്കുന്ന വീഴ്ചകൾ ദിവസേന ഒന്നുവീതം എൻഎച്ച്എസ് ജീവനക്കാർ ചെയ്യുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
© Copyright 2024. All Rights Reserved