ഹമാസ് മാതൃകയിൽ ഇന്ത്യയിൽ അക്രമം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര സംഘടന. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട്വന്ത് സിങ് പന്നൂൻ ആണ് ഭീഷണി മുഴക്കിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹമാസ് മാതൃകയിലുള്ള ആക്രമണം നടത്തുമെന്നാണ് ഭീഷണി. മാത്രമല്ല പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും ഗുർപത്വന്ത് സിങ് വീഡിയോ സന്ദേശത്തിൽ പറയുന്നു. പഞ്ചാബിലെ സാഹചര്യങ്ങളെ പാലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന് പിന്നിലുള്ള കാരണങ്ങളോട് ബന്ധിപ്പിച്ചാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.പഞ്ചാബിനെ കൈയടക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ അതിനു മറുപടി ഉണ്ടാകും. കലാപത്തെ, കലാപം കൊണ്ടു തന്നെ നേരിടും. അതിന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകും ഉത്തരവാദി. പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. പഞ്ചാബിന് മോചനം ഉണ്ടാകും. ഏതു തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്കു തീരുമാനിക്കാം ബാലറ്റോ ബുള്ളറ്റോയെന്നും അദേഹം വെല്ലുവിളിച്ചു. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ. 2020ൽ ഇന്ത്യ പന്നുനിനെ ഭീകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
© Copyright 2023. All Rights Reserved