ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ എല്ലാ സീറ്റുകളിലും സ്വന്തം ശക്തിയിൽ പാർട്ടി മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും എഎപി മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി.
ലോക്സഭാ തിരഞ്ഞെടുപ്പ് വരാൻ പോകുന്നു, ഞങ്ങൾ എങ്ങനെയാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചതെന്ന് നിങ്ങൾക്കറിയാം. പൊതുതിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളുമായി ധാരണയുണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ 90 സീറ്റുകളിലും ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സർക്കാർ രൂപീകരിക്കാൻ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടും', അദ്ദേഹം കൂട്ടിച്ചേർത്തു.ഹരിയാനയുടെ ഇരുവശത്തും എഎപി സർക്കാരുകളുണ്ട്. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ് കേന്ദ്രത്തിൽ ഉള്ളവർക്ക് അതേ വഴിക്ക് പോകാൻ കഴിയാത്തത്? തിരഞ്ഞെടുപ്പ് ഒക്ടോബറിലാണ്. അത് നിങ്ങളുടെ കൈയിലാണ്. ഹരിയാനയിൽ ഒരു എഎപി സർക്കാർ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാക്കുക. ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിലും പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലേക്ക് ശ്രദ്ധ തിരിക്കാൻ ആം ആദ്മി പാർട്ടി ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെജ്രിവാളിന്റെ പരാമർശം. 2019-ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപി വിജയം ഉറപ്പിക്കുകയും 40 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. കോൺഗ്രസ് 31 സീറ്റുകൾ നേടി. ദുഷ്യന്ത് ചൗട്ടാല സ്ഥാപിച്ച ജനനായക് ജനതാ പാർട്ടി 10 സീറ്റുകൾ നേടി. ഇവർ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ പിന്തുണച്ചു. 2019ലെ തിരിഞ്ഞെടുപ്പിൽ ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു.നേരത്തെ പഞ്ചാബിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കിയിരുന്നു. കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ തള്ളിയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പ്രഖ്യാപനം.
© Copyright 2024. All Rights Reserved