ഉത്തർ പ്രദേശിൽ ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ. ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങൾ ഇനി സംസ്ഥാനത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് യുപി സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഇതു മതങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നും ഭക്ഷണസ്വാതന്ത്രം നിഷേധിക്കലാണെന്നും മുസ്ലീം മതസംഘടനകൾ പറയുന്നു. ഹലാൽ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി യോഗിക്ക് നിവേദനം നൽകുമെന്ന് സംഘടന പ്രതിനിധികൾ വ്യക്തമാക്കി.
ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി ഉത്തർ പ്രദേശിൽ നിരോധിച്ചിരിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വിൽക്കുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ട് ലഖ്നോവിലെ ബിജെപി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതേ പരാതിയിൽ നേരത്തെ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി സർക്കാർ വ്യക്തമാക്കുന്നത്.
© Copyright 2024. All Rights Reserved