ഹാംപ്ഷയറിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണപ്പോൾ, പല കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ആൾഡർഷോട് ഭാഗത്തുകൂടി പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് ശേഷം വായുവിന്റെ കോളം 2 കിലോ മീറ്ററോളം നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടതായി ദി ടോർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ സ്ഥിരീകരിച്ചു.
-------------------aud--------------------------------
കൊടുങ്കാറ്റിൽ ആർക്കും പരിക്കുകൾ ഏറ്റിട്ടില്ലെന്നും ജീവാപായം ഉണ്ടായിട്ടില്ലെന്നും റഷ്മൂർ ബറോ കൗൺസിലും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകരമാം വിധം, കേടുപാടുകൾ സംഭവിച്ച മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി വിഭാഗത്തെ അറിയിക്കാൻ പ്രദേശവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ആൽഡർഷോട്ടിൽ നിരവധി മരങ്ങൾ വീഴുകയും വീടുകൾ ഉൾപ്പടെയുള്ള കെട്ടിടങ്ങൾക്ക് നാശം നഷ്ടമുണ്ടാവുകയും ചെയ്ത സംഭവത്തിൽ രക്ഷാ പ്രവർത്തകരെ അയച്ചതായി ഹാംപ്ഷയർ ആന്ദ് ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസ് അറിയിച്ചു. ഉച്ചക്ക് ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്നും ഏജൻസി അറിയിച്ചു. മണ്ണും, മറ്റ് അവശിഷ്ടങ്ങളുമൊക്കെ അന്തരീക്ഷത്തിലേക്കുയർത്തിക്കൊണ്ട് താണ്ഡവമാടുന്ന ടൊർണാഡോയുടെ നിരവധി വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡോർബെൽ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളാണ് അവയിലധികവും. പല വീടുകളുടെയും മേൽക്കൂരയിലെ ഓടുകൾ റോഡുകളിലും നടപ്പാതകളിലും ചിതറിക്കിടക്കുകയാണ്. ബ്രിട്ടനിലെ കാലാവസ്ഥയനുസരിച്ച് ഓരോ വർഷവും ശരാശരി 30 ടൊർണാഡോകൾ സംഭവിക്കാറുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി അവ ഒതുങ്ങിക്കൂടുന്നത് അപൂർവ്വമാണ്. തെക്കൻ മേഖലയിലെ പേമാരിയുടെ പ്രഭാവമാണ് ഈ ടൊർണാഡോക്ക് കാരണമെന്ന് ബി ബി സിയുടെ മുതിർന്ന കാലാവസ്ഥാ അവതാരകൻ അലെക്സിസ് ഗ്രീൻ പറയുന്നു.
പേമാരിയുമായി ബന്ധപ്പെട്ട് മെറ്റ് ഓഫീസ് യെല്ലോ വാർണിംഗ് പുറപ്പെറ്റുവിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇപ്പോൾ ടൊർണാഡോ എത്തിയിരിക്കുന്നത്. ടൊർണാഡ് പ്രത്യക്ഷപ്പെട്ട സമയത്ത് ഇടിയും മിന്നലും അനുഭവപ്പെടുകയും ചെയ്തിരുന്നു. ടൊർണാഡോ രൂപപ്പെടുന്നതിന്റെ പ്രക്രിയയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും, ഇതിനു പൂറകിലെ കൃത്യമായ കാരണം ഇനിയും അറിവായിട്ടില്ല എന്നും ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ തലവൻ പോൾ നൈറ്റ്‌ലി ബി ബി സിയോട് പറഞ്ഞു.
© Copyright 2024. All Rights Reserved