ബെയ്ജിങിലെ വിദൂര അവധിക്കാല ഗ്രാമത്തിൽ കുടുങ്ങി 1000 വിനോദസഞ്ചാരികൾ. ചൈനയുടെ വടക്കുപടിഞ്ഞാറൻ ഷിൻജിയാങ് മേഖലയിൽ ഉയർന്ന മഞ്ഞുവീഴ്ചയും കാലാവസ്ഥ വ്യതിയാനവുമാണ് സഞ്ചാരികളെ കുടുക്കിയത്. ചില പ്രദേശങ്ങളിൽ തുടർച്ചയായി മഞ്ഞുവീഴ്ചയുണ്ട്. സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന കസാക്കിസ്ഥാൻ, റഷ്യ, മംഗോളിയ എന്നിവയുടെ അതിർത്തിക്കടുത്തുള്ള സ്ഥലമായ ഹെമു ഗ്രാമത്തിലേക്കുള്ള റോഡ് പ്രവേശനം കുറച്ച് ദിവസങ്ങളായി ഹിമപാതത്തിൽ വിച്ഛേദിക്കപ്പെട്ടിരിക്കുകയായിരുന്നു.
പർവതപ്രദേശത്ത് കാലാവസ്ഥ അതിവേഗം മാറുന്നതിനാൽ രക്ഷാപ്രവർത്തനവും മറ്റ് അവശ്യ വസ്തുക്കളുടെ വിതരണവും ദുഷ്കരമാണ്. പാറകളും അവശിഷ്ടങ്ങളും മരക്കൊമ്പുകളും മഞ്ഞിൽ കലർന്നത് രക്ഷാപ്രവർത്തനത്തെയും മഞ്ഞ് നീക്കം ചെയ്യുന്ന ജോലികളെയും കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. എന്നിരുന്നാലും രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള പദ്ധതികൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ചിലരെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 53 ഉദ്യോഗസ്ഥരും 31 സെറ്റ് യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചിട്ടുണ്ടെന്ന് അൽതായിലെ ഹൈവേ മാനേജ്‌മെന്റ് അധികൃതർ വ്യക്തമാക്കി.
'മുമ്പ് ഇത്രയും കനത്ത മഞ്ഞുവീഴ്ച ഞങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഉയർന്ന ഹിമപാതങ്ങൾ ഞങ്ങൾ കണ്ടിട്ടില്ല. മഞ്ഞ് ചില ഭാഗങ്ങളിൽ ഏഴ് മീറ്ററോളം വരെ ഉയരത്തിൽ എത്തിയിട്ടുണ്ട്. പലയിടത്തും മഞ്ഞ് ഉപകരണങ്ങളേക്കാൾ ഉയർന്നതാണ്'. ഹൈവേ മാനേജ്‌മെന്റ് ബ്യൂറോയുടെ തലവൻ ഷാവോ ജിൻഷെംഗ് പറഞ്ഞു. വലിയ തോതിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ഹെമു ഗ്രാമത്തിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനുള്ള മഞ്ഞ് നീക്കം ചെയ്യൽ ജോലികൾ കുറച്ച് സമയത്തേക്ക് തുടരുമെന്ന് ഷാവോ അറിയിച്ചു.
© Copyright 2024. All Rights Reserved