ആറ് എംഎൽഎമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയത് . ബാക്കിയുള്ള എംഎൽഎമാരെ കൂടെ നിർത്താൻ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു ഷിംലയിൽ യോഗം വിളിച്ച് ചേർത്തു. എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷന് ഇന്ന് റിപ്പോർട്ട് നൽകും. പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് ധനബിൽ പാസാക്കുമ്പോൾ അടക്കം വിട്ടുനിന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 6 കോൺഗ്രസ് എംഎൽഎമാരെയും സ്പീക്കർ അയോഗ്യരാക്കിയത്. എംഎൽഎമാരിൽ നിന്ന് ഇന്നലെ വിശദീകരണം തേടിയ ശേഷമാണ് സ്പീക്കർ കുൽദീപ് സിങ് പഠാനിയയുടെ നടപടി. മറുപടി നൽകാൻ ഏഴ് ദിവസത്തെ സാവകാശം വേണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെ ബിജെപിക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 34 ൽ നിന്ന് 28 ആയി കുറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സ്വതന്ത്രരരും ആറ് വിമതരം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണമായത്. പാർട്ടി എംഎൽഎമാർ അയോഗ്യരായത് കോൺഗ്രസിൻറെ അംഗസംഖ്യ കേവല ഭൂരിപക്ഷമായ 35ന് താഴെയെത്തിക്കുകയും ചെയ്തിട്ടുണ്ട് . നിയമസഭയുടെ അംഗസംഖ്യ കുറഞ്ഞതിനാൽ തൽക്കാലം സർക്കാരിന് പിടിച്ചു നിൽക്കാം. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് കോൺഗ്രസ് കടന്നത്. രാജി പിൻവലിച്ചെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഹിമാചലിൽ സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചാകും ഭാവിനീക്കമെന്ന് മന്ത്രി വിക്രമാദിത്യ സിങ് മുന്നറിയിപ്പ് നല്കി. നേതൃമാറ്റം അടക്കം ആവശ്യമാണോയെന്നത് പരിഗണിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നിരീക്ഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ എംഎൽഎമാർ കാലുമാറാതിരിക്കാനാണ് വിമതരെ ഉടൻ പുറത്താക്കിയുള്ള മുന്നറിയിപ്പ് കോൺഗ്രസ് നല്കിയിരിക്കുന്നത്. സ്പീക്കറുടെ നടപടിയിൽ വിമതർ സ്വീകരിക്കുന്ന നിയമനടപടികളുടെ ഭാവി ഇനി നിർണ്ണായകമാകും.
© Copyright 2023. All Rights Reserved