യഹൂദ വിരുദ്ധത പ്രകടിപ്പിക്കുകയും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു ഹിസബ് ഉത്ത് താഹ്റിർ എന്ന സംഘടനയെ നിരോധിച്ചതായി ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി അറിയിച്ചു. യു ടെററിസം നിയമങ്ങൾ പ്രകാരമാണ് നിരോധനം. ഗാസ അനുകൂല പ്രകടനത്തിനിടെ, ഈ സംഘടനയിലെ ചില അംഗങ്ങൾ ജിഹാദ് മുദ്രവാക്യം വിളിച്ചതോടെയാണ് ഇവർ നോട്ടപ്പുള്ളികളായത്.
ദീർഘകാലമായി യു കെയിൽ പ്രവർത്തിച്ചു വരുന്ന ഒരു അന്താരാഷ്ട്ര ഗ്രൂപ്പാണിത്. എന്നാൽ, ഇവർ എല്ലാക്കാലത്തും അക്രമത്തിനെതിരെയായിരുന്നു പ്രസംഗിച്ചിരുന്നത്. തിങ്കളാഴ്ച്ചയാണ് സംഘടനയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിൽ എത്തിയത്. വോട്ടിംഗിലൂടെ തള്ളിക്കളഞ്ഞില്ലെങ്കിൽ വെള്ളിയാഴ്ച്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. അങ്ങനെ വന്നാൽ, ഈ ഗ്രൂപ്പിനെ പിന്തുണക്കുന്ന രീതിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിക്കുന്നവർ എല്ലാം നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരായി കണക്കാക്കപ്പെടും.
എന്നാൽ, തങ്ങൾ യഹൂദ വിരുദ്ധരാണെന്ന പ്രചാരണം പാടെ നിഷേധിക്കുകയാണ് സംഘടനാ പ്രതിനിധികൾ. തങ്ങൾ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും അവർ പറയുന്നു. എല്ലാ നിയമവഴികളും ഉപയോഗിച്ച് നിരോധനത്തെ എതിർക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഹിസ്വ് ഉത്ത് താഹ്‌റിറിനെ നിരോധിക്കുക വഴി പുടിന്റെ റഷ്യയുടെയും സിസിയുടെ ഈജിപ്തിന്റെയും മാർഗ്ഗം പിന്തുടർന്ന്, മുസ്ലീം ലോകത്തിന് പകരമായി ഒരു ഇസ്ലാമിക സാംസ്‌കാരിക ബദൽ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളെ ഇല്ലാതെയാക്കുകയാണ് ബ്രിട്ടനും എന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ഒക്‌ടോബറിൽ പാലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഹിസുബ് ഉത്ത് തഹ്‌റിർ ഒരു പ്രകടനം നടത്തിയിരുന്നു. അതിൽ ആയിരുന്നു ജിഹാദ് എന്ന മുദ്രാവാക്യം ഉയർന്ന് കേട്ടത്. ഇതാണ് ഇപ്പോൾ ഈ സംഘടന നിരോധിക്കപ്പെടാൻ കാരണമായത്. മറ്റു പല സംഘടനകൾക്ക് ഒപ്പം ചേർന്ന് ഒക്‌ടോബർ 7 ന് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മഹത്വവത്ക്കരിക്കുന്ന ഇവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് നിരോധന ഉത്തരവിൽ പറയുന്നത്.
മുസ്ലീം ലോകത്താകെ ഒരു ഭരണകൂടം എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് 1953- ൽ രൂപീകൃതമായ അന്താരാഷ്ട്ര സംഘടനയാണ് ഹിസബ് ഉത്ത് തഹ്‌റിർ. യു കെ ഉൾപ്പടെ ചുരുങ്ങിയത് 32 രാജ്യങ്ങളിലെങ്കിലും ഇതിന്റെ സന്നിദ്ധ്യമുണ്ട് എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കലങ്ങളിലും ഈ സംഘടനയെ ബ്രിട്ടനിൽ നിരോധിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക ആലോചനകൾ നടന്നിരുന്നു. 2010-ൽ അന്നത്തെ പ്രധാനമന്ത്രി കാമറൂൺ ഈ സംഘടനയെ നിരോധിക്കുമെന്ന വാഗ്ദാനവും നൽകിയിരുന്നു.
നിരോധിക്കപ്പെട്ട സംഘടനകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം പുലർത്തിയാൽ ബ്രിട്ടീഷ് നിയമങ്ങൾ പ്രകാരം 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. മാത്രമല്ല, ഒരു സംഘടന നിരോധിക്കപ്പെട്ടാൽ ആ സംഘടനയുടെ സ്വത്തുവകകൾ എല്ലാം തന്നെ സർക്കാർ കണ്ടുകെട്ടുകയും ചെയ്യും.
© Copyright 2024. All Rights Reserved