ജനത്തെ വലച്ചു ഹീത്രൂ വിമാനത്താവളത്തിലെ 600 ഓളം വരുന്ന ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഏപ്രിൽ 11 മുതൽ നാല് ദിവസത്തേക്ക് പണിമുടക്കുന്നു. ദിവസങ്ങൾ നീണ്ട പണിമുടക്കിനെ കുറിച്ച് പി സി എസ് യൂണിയൻ വിവരങ്ങൾ പങ്കുവച്ചു. ഹീത്രൂ വിമാനത്താവളത്തിലെ മൈഗ്രേഷൻ കൺട്രോൾ പ്രവർത്തനങ്ങളും അതുപോലെ പാസ്സ്‌പോർട്ട് പരിശോധനകളും നടത്തുന്ന ഉദ്യോഗസ്ഥരാണ് പണിമുടക്കുന്നത്.
ഷിഫ്റ്റ് പാറ്റേണുകളിലെ മാറ്റത്തിനും പുതിയ ജോലി സമയ ക്രമത്തിനും എതിരായിട്ടുള്ള സമരത്തെ 90 ശതമാനം അംഗങ്ങളാണ് അംഗീകരിച്ചതെന്ന് യൂണിയൻ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലെ ഏതാണ്ട് 250 ഒളം ജീവനക്കാർക്ക് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന മാറ്റം വഴി തൊഴിൽ നഷ്ടമാകും എന്നാണ് യൂണിയൻ പറയുന്നത്. അടുത്ത മാസം അവസാനം മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
നീതിയുക്തമല്ലാത്തതും, അനാവശ്യവുമായ നിർദ്ദേശം പിൻവലിക്കാൻ മന്ത്രിമാർക്ക് 14 ദിവസം ബാക്കിയുണ്ടെന്ന് പി സി എസ് ജനറൽ സെക്രട്ടറി ഫ്രാൻ ഹീത്ത്‌കോട്ട് പറഞ്ഞു. അല്ലെങ്കിൽ പണിമുടക്കാൻ ജീവനക്കാർ നിർബന്ധിതരാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. പുതിയ ക്രമീകരണത്തെ സംബന്ധിച്ച് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ അംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം നിഷേധിച്ചു എന്നാണ് യൂണിയൻ പറയുന്നത്.
ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് അനുകൂലമായതല്ല പുതിയ ക്രമീകരണം എന്ന് അവർ ആരോപിച്ചു. തീർത്തും മനുഷ്യത്വരഹിത സമീപനവും, പ്രൊഫഷണലിസം ഇല്ലാത്തതും ബോർഡർ ഫോഴ്‌സിന്റെ കാര്യക്ഷമതയെ ഇല്ലാതെയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സർക്കാർ ആദ്യം ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷഉറപ്പാക്കണം എന്ന് അവർ ആവശ്യപ്പെട്ടു.
അതിനിടെ യൂണിയന്റെ തീരുമാനം നിരാശാജനകമാണെന്നായിരുന്നു ഒരു ഹോം ഓഫീസ് വക്താവ് പ്രതികരിച്ചത്. അതിർത്തികൾ പൂർണ്ണമായും സംരക്ഷിക്കുക എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പറഞ്ഞ ഹോം ഓഫീസ്, തടസ്സങ്ങൾ ഒഴിവാക്കുവാൻ തക്ക നടപടികൾ എടുക്കുമെന്നും ഉറപ്പിച്ചു പറയുന്നു.
ഏറ്റവും തിരക്കേറിയ ദിവസങ്ങളിലാണ് സമരം നടക്കുന്നത് എന്നതിനാൽ യാത്രക്കാർ വലയും.
© Copyright 2024. All Rights Reserved