ഹീത്രൂ, ഗാട്ട്വിക്ക് വിമാനത്താവളങ്ങൾക്ക് പുതിയ റൺവേകൾ ഉൾപ്പെടെ, രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് സമഗ്ര രൂപരേഖ തയാറാക്കി ലേബർ സർക്കാർ.
-------------------aud--------------------------------
വികസന പദ്ധതികളുടെ വിശദാംശങ്ങൾ ഉടൻ തന്നെ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ചാൻസിലർ റെയ്ച്ചൽ റീവ്സിന്റെ മറുപടി. എന്നാൽ ഇക്കാര്യത്തിൽ അടുത്തയാഴ്ച തന്നെ ചാൻസിലർ പാർലമെന്റിൽ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നാണ് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്തു വർഷത്തിലേറെയായി പല സർക്കാരുകളും പരിഗണിച്ച വിഷയമാണ് ഹീത്രൂ വിമാനത്താവളത്തിലെ മൂന്നാം റൺവേ വികസനം. എയർപോർട്ടിന് സമീപം താമസിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിച്ച് ഈ പദ്ധതി നടപ്പിലാക്കാതെ പോകുകയായിരുന്നു. എന്നാൽ ഇക്കാര്യം ലേബർ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഗാട്ട്വിക്ക് വിമാനത്താവളത്തിന്റെ രണ്ടാം റൺവേ നിർമാണത്തിൽ എന്തായാലും തീരുമാനം ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ.
പ്രതിവർഷം 45 മില്യൻ യാത്രക്കാരാണ് ഗാട്ട്വിക്ക് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ഇത് പുതിയ റൺവേയുടെ സഹായത്തോടെ 75 മില്യനായി ഉയർത്തുന്നതാണ് പുതിയ വികസന പദ്ധതി. ഇതോടൊപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പ്രധാനപ്പെട്ട പല വിമാനത്താവങ്ങളുടെയും വികസന പദ്ധതികൾ ഒരുമിച്ചാകും പ്രഖ്യാപിക്കുക. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാംവിധം വിമാനത്താവള വികസന പദ്ധതികളെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
© Copyright 2024. All Rights Reserved