കടൽ പാതകളിൽ വെല്ലുവിളി നിറയുമ്പോൾ കരയിലൂടെയുള്ള പുതിയ പാത ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരുക്കുന്നു. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് കടലിലൂടെയും പിന്നീട് കരയിലൂടെയുമാണ് പാത. ചരക്കുകൾ ജോർദാൻ വഴി ഇസ്രായേലിലേക്കും തുടർന്ന് യൂറോപ്പിലേക്കുമെത്തും. ചെങ്കടലിലൂടെയുള്ള ചരക്കു കടത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെയാണ് പുതിയ നീക്കം.
ലോക ചരക്കു കടത്തിന്റെ 12 ശതമാനം ചെങ്കടലിലൂടെയാണ്. ഇസ്രായേലിനെതിരായ നീക്കത്തിന്റെ ഭാഗമായി യമനിലെ ഹൂതികൾ ഈ വഴി ഉപരോധിക്കുകയാണ്. ഇസ്രായേലിലേക്കും തിരിച്ചുമുള്ള ചരക്കു കപ്പലുകൾ ആക്രമിക്കുകയാണ് അവർ. ഇസ്രായേലിനെ രക്ഷിക്കാൻ അമേരിക്കയുടെയും ബ്രിട്ടന്റെയും നാവിക കപ്പലുകൾ യമനിൽ ആക്രമണം നടത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ പാത ഒരുങ്ങുന്നത്.ചെങ്കടൽ പാതയിൽ പ്രതിസന്ധിയുണ്ടായതിന് പ്രധാന കാരണം ഇസ്രായേലിന്റെ ഗാസ ആക്രമണമാണ്. ഗാസയിൽ ആക്രമണം നിർത്തുന്നത് വരെ ഇസ്രായേലിലേക്കുള്ള ചരക്കു കപ്പലുകൾ തടയുമെന്ന് ഹൂതികൾ പറയുന്നു. ഇവർ നിരവധി കപ്പലുകൾ ആക്രമിക്കുകയും ചെയ്തു. ഇതോടെ ചരക്കുമായി പോകുന്ന കപ്പലുകളുടെ കമ്പനികളും മറ്റു വ്യവസായ ഗ്രൂപ്പുകളും പിന്മാറി.ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ചെലവ് കുറഞ്ഞ വഴിയാണ് ചെങ്കടലിലൂടെയുള്ളത്. ബാബുൽ മന്തിബ് വഴി ചെങ്കടലിൽ പ്രവേശിച്ചാൽ സൂയസ് കനാലിലേക്കും മെഡിറ്ററേനിയൻ കടലിലേക്കും യൂറോപ്പിലേക്കും വഴിയുണ്ട്. ബാബുൽ മന്തിബിലാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. ഇതോടെ കപ്പൽ കമ്പനികൾ ഇൻഷുറൻസ് പ്രീമിയം ഉയർത്തി. നിരവധി കമ്പനികൾ സർവീസ് നിർത്തി. പല വാഹന നിർമാതാക്കളും നിർമാണം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഹൂതികളുടെ നടപടി യൂറോപ്പിനും ഇസ്രായേലിനും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൂതികളെ പൂർണമായി ഇല്ലാതാക്കുക സാധ്യവുമില്ല. ഈ സാഹചര്യത്തിൽ ഇസ്രായേലിലെ കമ്പനികളാണ് പുതിയ പാത സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിൽ നിന്ന് ഹൂതികളെ ഭയക്കാതെ യൂറോപ്പിലേക്ക് പോകാൻ സാധിക്കുന്നതാണ് കടലിലിലൂടെയും കരയിലൂടെയുമുള്ള പുതിയ പാത. യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തുറമുഖങ്ങളിൽ നിന്ന് ചരക്കുകൾ സൗദി അറേബ്യയിലെ തുറമുഖത്ത് എത്തിക്കുക എന്നതാണ് പാതയുടെ തുടക്കം. ശേഷം സൗദി അറേബ്യയിൽ നിന്ന് കരമാർഗം ജോർദാനിലൂടെ ഇസ്രായേലിലേക്ക് എത്തിക്കും. ഇവിടെ നിന്ന് യൂറോപ്പിലേക്കും. ഇതാണ് തങ്ങളുടെ പുതിയ പാത എന്ന് ട്രക്‌നെറ്റ് എന്റർപ്രൈസ് ലിമിറ്റഡ് സിഇഒ ഹനൻ ഫ്രിഡ്മാൻ പറഞ്ഞു. യുഎഇയിലെ ജബൽ അലി തുറമുഖത്ത് നിന്ന് സൗദിയിലെ ജിദ്ദയിലേക്കാണ് ചരക്കുകൾ ആദ്യം എത്തിക്കുന്നത്. ജബൽ അലിയിൽ നിന്ന് ജോർദാനിലേക്ക് ചരക്കെത്തിക്കുന്ന വഴിയും ഒരുക്കിയിട്ടുണ്ട്. ഈ പാതകൾ നേരത്തെ ചർച്ചയിലുണ്ടെങ്കിലും ഇസ്രായേലും അറബ് രാജ്യങ്ങളും നയതന്ത്ര ബന്ധമില്ലാത്തതിനാൽ സാധ്യമായിരുന്നില്ല. എന്നാൽ രാഷ്ട്രീയ സാഹചര്യം മാറിയതോടെയാണ് വീണ്ടും ഈ പാത ചർച്ചയായതും ചരക്കു കടത്ത് ആരംഭിച്ചിരിക്കുന്നതും.താൽക്കാലികമായി ഉപയോഗിക്കാൻ പറ്റുന്ന പാതയാണ്. വലിയ തോതിലുള്ള ചരക്കുകടത്ത് ഇതുവഴി സാധ്യമല്ല. ചെങ്കടൽ പാതയ്ക്ക് പകരം ആഫ്രിക്ക വഴിയുള്ള ഒരു പാതയാണ് കപ്പൽ കമ്പനികൾ ഉപയോഗിക്കുന്നത്. ഇതിലൂടെ ചരക്കുകൾ ഇസ്രായേലിലെയും യൂറോപ്പിലും എത്തണമെങ്കിൽ 12 ദിവസമാകും. അതിനേക്കാൾ കുറഞ്ഞ ദിവസം മതി യുഎഇ-സൗദി-ജോർദാൻ വഴി ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്കുള്ള പുതിയ പാതയ്ക്ക്.
© Copyright 2024. All Rights Reserved