ഇന്നലെ രാത്രി മറ്റൊരു അമേരിക്കൻ കപ്പലിനു നേരെ ഹൂതി ആക്രമണം നടന്നതോടെ കടുത്ത മുന്നറിയിപ്പുമായി പെൻറഗൺ. അമേരിക്ക പ്രത്യാക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും അറിയിച്ചു.
അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെയാണ് ഏറ്റവും ഒടുവിലായി ആക്രമണം നടന്നത്. ഇസ്രായേലിലേക്ക് പുറപ്പെട്ടതായിരുന്നു അക്രമിക്കപ്പെട്ട കപ്പലെന്ന് ഹൂതികൾ. ചെങ്കടലിൽ കപ്പൽ സുരക്ഷ ഉറപ്പാക്കാൻ സഖ്യരാജ്യങ്ങൾക്കൊപ്പം ചേർന്ന് നടപടി സ്വീകരിക്കുമെന്ന് പെൻറഗണനും മുന്നറിയിപ്പ് നൽകി. അമേരിക്കയുടെയും ബ്രിട്ടൻറെയും ആക്രമണം ഉണ്ടായാൽ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി ഹൂതികളും രംഗത്തുവന്നു.
ഇസ്രായേൽ മനുഷ്യക്കുരുതിക്ക് നിരുപാധിക പിന്തുണ ഉറപ്പാക്കുന്നതിനിടെ ചെങ്കടലിൽ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്ന ഹൂതികളെ ഭീകരപ്പട്ടികയിൽപെടുത്താനും യു.എസ് നീക്കം തുടങ്ങി. ആക്രമണം നിർത്തിയില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഹൂതികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനാണ് യു.എസ് തീരുമാനം. ഗസ്സയിൽ ഇസ്രായേൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുംവരെ ആ രാജ്യത്തേക്കുള്ള കപ്പലുകൾ അക്രമിക്കുന്നത് തുടരുമെന്നാണ് ഹൂതികളുടെ നിലപാട്. നേരത്തെ ഹൂതികൾ ഈ പട്ടികയിലുണ്ടായിരുന്നെങ്കിലും 2021ൽ ഒഴിവാക്കിയിരുന്നു. ഹൂതികൾക്കെതിരെ നാവിക സുരക്ഷാ സേനയുടെ ഭാഗമാകില്ലെന്ന് ഫ്രാൻസ് അറിയിച്ചു. സംഘർഷം വ്യാപിക്കരുതെന്ന തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണിതെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
© Copyright 2023. All Rights Reserved