മരിച്ചുകിടന്ന പിതാവിനരികിൽ ഒറ്റപ്പെട്ടുപോയ കുരുന്നു ജീവൻ ഭക്ഷണം കിട്ടാതെ പൊലിഞ്ഞു. ഹൃദയാഘാതം ബാധിച്ച് മരിച്ച പിതാവിന്റെ മൃതശരീരത്തിന് അരികിലാണ് രണ്ട് വയസ്സുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ബ്രിട്ടന്റെ സോഷ്യൽ കെയർ മേഖലയുടെ ദുരവസ്ഥയിലേക്ക് വിരൽചൂണ്ടിയാണ് 2 വയസ്സുള്ള ബ്രോൺസൺ ബാറ്റേഴ്‌സ്ബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബോക്‌സിംഗ് ഡേയിൽ ജീവനോടെ കണ്ടതിന് ശേഷം പിതാവ് 60 വയസ്സുകാരനായ കെന്നെത്തിന് ഹൃദയാഘാതം നേരിട്ടെന്നാണ് കരുതുന്നത്. ജനുവരി 2ന് ലിങ്കൺഷയറിലെ സ്‌കെഗ്നെസിലുള്ള വീട്ടിലെത്തിയ സോഷ്യൽ വർക്കർ മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ ബന്ധപ്പെട്ടു. എന്നാൽ അന്ന് നടപടികളൊന്നും ഉണ്ടായില്ല. ജനുവരി 4ന് വീണ്ടും സോഷ്യൽ വർക്കർ പതിവ് സന്ദർശനത്തിനായി എത്തിയെങ്കിലും ഇക്കുറിയും അനക്കമുണ്ടായില്ല. വീണ്ടും ഇവർ പോലീസിനെ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ജനുവരി 9ന് വീണ്ടുമെത്തിയ സോഷ്യൽ വർക്കർ സ്വയം ലാൻഡ്‌ലോർഡിന്റെ കൈയിൽ നിന്നും താക്കോൽ വാങ്ങി വീട് തുറന്ന് നോക്കുമ്പോഴാണ് ബ്രോൺസന്റെയും, കെന്നെത്തിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
സോഷ്യൽ സർവ്വീസുകൾ തങ്ങളുടെ ജോലി കൃത്യമായി ആദ്യം ചെയ്‌തെങ്കിൽ ബ്രോൺസൺ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് അമ്മ 43-കാരി സാറാ പിസെ പറഞ്ഞു. 'എന്നാൽ അവർ ഒന്നും ചെയ്തില്ല. കുട്ടികളെ സുരക്ഷിതരാക്കി വെയ്ക്കാൻ സോഷ്യൽ വർക്കേഴ്‌സിനെയാണ് ആശ്രയിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കുഞ്ഞ് വിശന്ന് വലഞ്ഞ് മരിക്കുകയായിരുന്നു. കെന്നെത്ത് ഡിസംബർ 29-നകം മരിച്ചിട്ടുണ്ട്. അതായത് സോഷ്യൽ വർക്കർ നേരത്തെ തന്നെ ഉള്ളിൽ കടന്നെങ്കിൽ കുഞ്ഞ് ജീവനോടെ രക്ഷപ്പെടുമായിരുന്നു', പിസെ പറയുന്നു.
നേരത്തെ തന്നെ ഹൃദ്രോഗ പ്രശ്‌നങ്ങളുള്ള വ്യക്തിയായിരുന്നു കെന്നെത്ത്. സംഭവത്തിൽ ഉൾപ്പെട്ട സോഷ്യൽ വർക്കറെ സസ്‌പെൻഡ് ചെയ്തിട്ടില്ലെങ്കിലും ഇവർ സ്വയം ഓഫ് എടുത്ത് പോയിട്ടുണ്ട്. സംഭവത്തിൽ റിവ്യൂ നടക്കുന്നതായി ചിൽഡ്രൻസ് സർവ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹീതർ സാൻഡി പറഞ്ഞു. സംഭവം രാജ്യത്തെയാകെ വിഷമത്തിലാഴ്ത്തിയിരിക്കുകയാണ് .
© Copyright 2024. All Rights Reserved