ജിഎസ്ടി തട്ടിപ്പിനും ബഡ്‌സ് ആക്ട് പ്രകാരവും നടപടി നേരിടുന്ന ഹൈറിച്ച് ഗ്രൂപ്പിനെതിരെ ക്രിപ്‌റ്റോ കറൻസി നിക്ഷേപ തട്ടിപ്പും. തൃശൂർ ആറാട്ടുപുഴ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈറിച്ച് സ്മാർട്ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ എറണാകുളം പനമ്പള്ളി നഗർ സ്വദേശി എംജെ മനു ആണ് പരാതി നൽകിയത്. കെഡി പ്രതാപനും ഭാര്യ ശ്രീന പ്രതാപനും നേതൃത്വം നൽകുന്ന കമ്പനിക്കെതിരെ എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരതി നൽകിയത്.-------------------aud--------------------------------ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ 15 ശതമാനം പലിശയും 500 ശതമാനത്തിലധികം വാർഷിക ലാഭവും വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് പരാതി. കമ്പനിയുടെ എച്ച്ആർ ക്രിപ്‌റ്റോ കറൻസിയിൽ പുതിയ ആളുകളെ ചേർക്കുമ്പോൾ 30 ശതമാനം ഡയറക്ട് റഫറൽ വരുമാനവും കൂടുതലായി ചേർക്കുന്ന ആളുകളിൽ നിന്ന് മൂന്ന് ശതമാനം വീതവും വരുമാനം വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പിനായി ഇതുവരെ ഒരു എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യാത്ത വ്യാജ ക്രിപ്‌റ്റോ കറൻസിയായ എച്ച്ആർസി കോയിന്റെ വെബ്‌സൈറ്റ് കാണിച്ച് വിശ്വസിപ്പിച്ചതായും പരാതിയിൽ പറയുന്നു. അതേസമയം ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിൽ ഒരു പരാതി കൂടി ലഭിച്ചു. കിണാശേരി സ്വദേശി സുധീഷ് കുമാർ ആണ് പരാതി നൽകിയിട്ടുള്ളത്. സ്ഥാപനത്തിൽ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെട്ടുവെന്നാണ് സുധീഷ് കുമാറിന്റെ പരാതി. തന്റെ നാല് സുഹൃത്തുക്കളെ നിക്ഷേപത്തിൽ ചേർത്തതായും എന്നാൽ പണം തിരികെ ലഭിച്ചില്ലെന്നും സുധീഷിന്റെ പരാതിയിൽ പറയുന്നു. നിക്ഷേപ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുൻ എംഎൽഎ അനിൽ അക്കര ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved