ഹൈറിച്ച് മണി ചെയിനിൽ വൻ തട്ടിപ്പ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ട് പുറത്ത്. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളിൽനിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
=================aud=======================
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂർ ചേർപ്പ് സ്വദേശി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനശ്വരാ ട്രേഡേഴ്സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്റ്റോ കറൻസി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. ഉപഭോക്താക്കളുടേതായി 1,63,000 ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതിൽനിന്നാണ് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ക്രിപ്റ്റോ കറൻസി വ്യാപാരം 80 വിദേശ രാജ്യങ്ങളിൽ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയുള്ളത്. നിരവധി സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതൽ സമയവും വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുന്നതാകും നല്ലതെന്ന സൂചനയും പൊലീസ് റിപ്പോർട്ടിലുണ്ട്.
തട്ടിയെടുത്ത തുക സംബന്ധിച്ച പൊലീസ് നിഗമനം കണക്ക്കൂട്ടലിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അതിൽ കുറവായും കൂടുതലായാലും കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ച് എന്നതിൽ സംശയമില്ല. തുടരന്വേഷണം എങ്ങനെ സാധ്യമാകും, തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ കഴിയുമോ എന്നതെല്ലാമാണ് പൊലീസിനു മുന്നിലെ വെല്ലുവിളി.
© Copyright 2023. All Rights Reserved