അഭയാർത്ഥിയാകാൻ അപേക്ഷ നൽകി അതിൽ തീരുമാനമാകാതെ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവർക്ക് സോഷ്യൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നതിന് ഹോം ഓഫീസ് അനുവാദം നൽകി. എന്നാൽ, പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കാതെയുള്ള തൊലിപ്പുറ ചികിത്സ മാത്രമാണിതെന്നാണ് മേഖലയിൽ ഉൾലവർ പറയുന്നത്. ഇംഗ്ലീഷ് ചാനലിലൂടെ ചെറു യാനങ്ങളിൽ അനധികൃതമായി എത്തിയവർ ഉൾപ്പടെയുള്ള അഭയാർത്ഥികൾക്ക് അതിരൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്ന സോഷ്യൽ കെയർ, കൃഷി, കെട്ടിടനിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നതിനുള്ള അനുവാദമാണ് നൽകിയിരിക്കുന്നത്.
അഭയാർത്ഥിത്വത്തിനുള്ള അപേക്ഷയിൽ ഒരു വർഷത്തിലേറെയായിട്ടും തീരുമാനം ആകാത്തവർക്കാണ് ജോലി ചെയ്യുന്നതിനുള്ള അവകാശം നൽകിയിരിക്കുന്നത്. എന്നാൽ, അവർക്ക് ബ്രിട്ടനിൽ തുടരുന്നതിനുള്ള ലീവ് ഇനിയും നൽകേണ്ടതായി ഉണ്ട്. ഈ പുതിയ നയം എത്രപേർക്ക് പ്രയോജനപ്പെടും എന്ന കാര്യം പക്ഷെ ഹോം ഓഫീസ് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, കെയർ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത് ഇത് തൊലിപ്പുറമെയൂള്ള ചികിത്സ മാത്രമാണെന്നാണ്. അതി രൂക്ഷമായ തൊഴിലാളി ക്ഷാമമാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. ബ്രിട്ടനിൽ കഴിയാൻ അനുവാദമില്ലാത്തവർ ഈ മേഖലയിൽ ജോലി ചെയ്യാൻ എത്തുമ്പോൾ അത് ഒരു താത്ക്കാലിക പ്രരിഹാരം മാത്രമായിരിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.മാത്രമല്ല, ബ്രിട്ടനിൽ തുടരാൻ അനുവാദം കിട്ടിയവർ കൂടുതൽ വേതനം ലഭിക്കുന്ന ജോലികളിലേക്ക് മാറാനും സാധ്യതയുണ്ട്.
ഇതുപോലുള്ള ഹ്രസ്വകാല നടപടികൾ പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരമല്ലെന്ന് നാഷണൽ കെയർ അസ്സോസിയേഷൻ ചെയർമാൻ നാദ്ര അഹമ്മദി ആരോപിച്ചു. ഏതൊരു വ്യക്തിക്കും ജോലി ചെയ്യാവുന്ന ഒരു മേഖലയാണ് സോഷ്യൽ കെയർ എന്ന് കരുതുന്നില്ല. വൃദ്ധരേയും അവശരേയും ശുശ്രൂഷിക്കുമ്പൊൾ സുഗമമായ ആശയവിനിമയത്തിന് സഹായകരമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മുതൽ പല യോഗ്യതകളും അവർക്ക് ഉണ്ടായിരിക്കണംഎന്നും അഹമ്മദ് പറഞ്ഞു.
ഈ രംഗത്തെ തൊഴിലാളി ക്ഷാമ പരിഹരിക്കാൻ ഇടക്കാല ആശ്വാസം കൊണ്ട് കഴിയുകയില്ല. അതിന് സമർപ്പണബോധമുള്ളവും ആത്മാർത്ഥതയുള്ളവരുമായ ജീവനക്കാരാണ് ആവശ്യം. ഈ മേഖലയുടെ പ്രവർത്തന രീതികൾ പഠിക്കുവാനും മനസ്സിലാക്കുവാനും അതിനനുസരിച്ച് പ്രവർത്തിക്കുവാനും തയ്യാറും കഴിവും ഉള്ളവരായിരിക്കണം. അതുകൊണ്ടാണ് കെയർ വർക്കർമാരെ സ്‌കിൽഡ് വർക്കർ ഗണത്തിൽ പെടുത്തിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ദീർഘകാലാടിസ്ഥാനത്തിൽ ഈ മേഖലയിൽ തൊഴിൽ ചെയ്യാൻ വരുന്നവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ, ഹ്രസ്വകാലാടിസ്ഥാനത്തിൽ എത്തുന്നവർ, പരിശീലനത്തിനുൾപ്പടെ സേവന ദാതാക്കൾക്ക് കടുത്ത സാമ്പത്തിക ബദ്ധ്യത സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
© Copyright 2024. All Rights Reserved