ടൈപ് 1 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ആവശ്യമില്ലാത്ത പുതിയ ചികിത്സാരീതിയ്ക്ക് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ അംഗീകാരം.

08/11/23

ടൈപ് 1 പ്രമേഹ ചികിത്സയുടെ കാര്യത്തില്‍ ഒരു വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പുതിയ ചികിത്സാരീതിക്ക് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ അംഗീകാരം. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് അര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ ചികിത്സാ രീതിയുടെ പ്രയോജനം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ഏകദേശം 1.5 ലക്ഷം പേര്‍ക്ക് ലഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ത്വക്കിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന് സെന്‍സര്‍, പമ്പ് എന്നിവയുടെ സഹായത്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഈ പുതിയ രീതി.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് ഈ ഉപകരണം നല്‍കുവാന്‍ എന്‍ എച്ച് എസ്സിനോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഇന്‍സുലിന്‍ കണ്ടു പിടിച്ചതിനു ശേഷം ടൈപ്പ് 1 പ്രമേഹവുമായി ബന്ധപ്പെട്ടൂണ്ടായ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നാണ് ഇതിനെ ജുവനൈല്‍ ഡയബെറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2022-ല്‍ സ്‌കോട്ട്ലാന്‍ഡ് അംഗീകാരം നല്‍കിയ ഈ പുതിയ രീതി ഇംഗ്ലണ്ടും വെയ്ല്‍സും അംഗീകരിക്കുന്നതോടെ ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് വ്യാപകമായി ലഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് ഫൗണ്ടേഷന്‍ സി ഇ ഒ കരെന്‍ അഡിംഗ്ടണ്‍ പറഞ്ഞു.

നിരവധി ജീവിതങ്ങള്‍ രക്ഷിക്കാന്‍ കഴിയുന്ന പുതിയ ചികിത്സാ രീതി ടൈപ് 1 പ്രമേഹവുമായി ജീവിക്കുന്നതിന്റെ ഭാരം കുറയ്ക്കുകയും ജീവന്‍ വരെ അപകടത്തിലാകുന്ന രീതിയില്‍ ഗ്ലൂക്കോസ് അളവ് കുറയുകയോ കൂടുകയോ ചെയ്യുന്നത് തടയുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. അതുവഴി ദീര്‍ഘാകാലയളവില്‍ ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളും വലിയൊരു അളവ് വരെ ഒഴിവാക്കാന്‍ ആകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ഈ ഉപകരണത്തിന് കഴിയും എന്നത് തെളിയിക്കപ്പെട്ട ഒന്നാണ്.

പരമ്പരാഗതമായ രീതിയില്‍ രോഗികള്‍ വിരല്‍ത്തുമ്പില്‍ നിന്നും രക്തമെടുത്ത് പരിശോധനക്ക് നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനായി കൈയ്യില്‍ സെന്‍സര്‍ ധരിക്കുകയുമാണ് ചെയ്യുന്നത്. അതിനു ശേഷം പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ ആയി യഥാക്രമം ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കുകയോ കൂടുതല്‍ ഭക്ഷണം കഴിക്കുകയോ ചെയ്യും. ത്വക്കില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുമായി നേരിട്ട് ക്ലോസ്ഡ് ലൂപ്പിലുള്ള പമ്പ്, ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ കൃത്യമായി കണക്കാക്കുകയും അത് ശരീരത്തിലേക്ക് പമ്പ് ചെയ്യുകയും ചെയ്യും.

നിലവില്‍ എന്‍ എച്ച് എസ് ബജറ്റിന്റെ ഏകദേശം 10 ശതമാനത്തോളം ചെലവാക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട ചികിത്സകളുമായി ബന്ധപ്പെട്ടാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ജോനാഥന്‍ ബെംഗെര്‍ പറയുന്നു. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം ഉപയോഗിക്കുന്നത് തീര്‍ച്ചയായും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനൊപ്പം ഇതിന് എന്‍ എച്ച് എസ്സിന്റെ പണം ലാഭിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu