പൊതു ധനത്തിലെ 22 ബില്യൺ പൗണ്ടിന്റെ കമ്മി നികത്താൻ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കിയ ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്‌സ് വരും നാളുകളിൽ നികുതി വർദ്ധനവ് ഉണ്ടാകുമെന്ന സൂചനയും നൽകി. താൻ ഭയന്നതിലും മോശമായ സാമ്പത്തിക സ്ഥിതി അവശേഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ സർക്കാർ അധികാരം ഒഴിഞ്ഞതെന്ന്, ജനപ്രതിനിധി സഭയിൽ നടത്തിയ ഒരു സുപ്രധാന പ്രസ്താവനയിൽ അവർ പറഞ്ഞു. റുവാണ്ടൻ പദ്ധതി ഉൾപ്പടെ, ഏറേ ചെലവുകൾ വരുത്തിയ ആറ് നയങ്ങൾ ചൂണ്ടിക്കാട്ടി, കരുതൽ ധനം കുറഞ്ഞിരിക്കുകയാണെന്നും റേച്ചൽ റീവ്‌സ് പറഞ്ഞു.
-------------------aud--------------------------------
അഭയാർത്ഥികളുമായി ബന്ധപ്പെട്ട് ഈ വർഷം ബജറ്റിൽ നിശ്ചയിച്ചതിനേക്കാൾ 6.4 ബില്യൺ പൗണ്ടാണ് അധിക ചെലവ് വന്നത്. ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട് 1.6 ബില്യൻ പൗണ്ടും അധിക ചെലവ് വന്നു. പല റോഡ് പദ്ധതികളും നിർത്തി വയ്ക്കുന്നതിന് ഉദ്ദേശിക്കുന്നതായി അവർ പറഞ്ഞു. സ്റ്റോൺഹെഞ്ചിന് താഴെയുള്ള ടണലും ഇതിൽ ഉൾപ്പെടും. വിവിധ വകുപ്പുകൾ പണം മിച്ചം പിടിക്കുന്നതിനുള്ള പദ്ധതികളും ഉണ്ട്. എന്നാൽ, അതുകൊണ്ട് മതിയാകില്ലെന്നും പെൻഷൻ ക്രെഡിറ്റ് ലഭിക്കാത്ത ഏകദേശം 10 മില്യൻ പെൻഷൻകാർക്ക് ശൈത്യകാലത്ത് നൽകിക്കൊണ്ടിരുന്ന വിന്റർ ഫ്യുവൽ പെയ്‌മെന്റ് നിർത്തലാക്കുകയാണെന്നും അവർ പറഞ്ഞു.
300 പൗണ്ടായിരുന്നു വിന്റർ ഫ്യുവൽ പെയ്‌മെന്റ് ആയി നൽകിയിരുന്നത്. ഇത് നിർത്തലാക്കുക വഴി സർക്കാരിന് 1.5 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അതുപോലെ നേരത്തെ ഹെൽത്ത് സെക്രട്ടറി 2025 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വാഗ്ദാനം നൽകിയ സോഷ്യൽ കെയർ കോസ്റ്റിനു മേലുള്ള ക്യാപ് മരവിപ്പിക്കുകയും ചെയ്തു. സ്വകാര്യ സ്‌കൂളുകൾക്ക് മേലുള്ള വാറ്റ്, പ്രതീക്ഷിച്ചതിലും നേരത്തെ അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇനി മുതൽ ഫീസ് മുൻകൂറായി നൽകുന്നവരെ എല്ലാം ഈ നികുതിയും ബാധിക്കും.
ഇതിനെല്ലാം പുറമെ ഇനിയും ബാക്കിയുള്ള 16.4 ബില്യൺ പൗണ്ടിന്റെ കമ്മി നികത്താൻ, ഓക്ടോബർ 30ന് അവതരിപ്പിക്കുന്ന ബജറ്റിൽ നികുതി വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ഇൻഹെരിറ്റൻസ് ടാക്സ്, ക്യാപിറ്റൽ ഗെയിൻ ടാക്സ് എന്നിവയെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാവുകയില്ലെന്ന് കീർ സ്റ്റാർമർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും, പൊതുമെഖലയിലെ ജീവനക്കാർക്കുള്ള ശമ്പള വർദ്ധനാ നിർദ്ദേശം റീവ്‌സ് പൂർണ്ണമായും സ്വീകരിച്ചു. പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്ന നിരക്കിലുള്ള ശമ്പള വർദ്ധനവ് സർക്കാർ ഖജനാവിന് 9.4 ബില്യൺ പൗണ്ടിന്റെ അധിക ബാധ്യത വരുത്തി വയ്ക്കും എന്നാണ് കരുതുന്നത്.
ജൂനിയർ ഡോക്ടർമാരുടെ ശമ്പളം 22 ശതമാനം വർദ്ധിപ്പിക്കുമെന്നും അവർ പറഞ്ഞു. അത് ഇനിയും അധിക ചെലവ് വരുത്തി വയ്ക്കും. മാത്രമല്ല, ഇത് വീണ്ടും പണപ്പെരുപ്പത്തിന് ഇടയാക്കിയേക്കും എന്ന ആശങ്ക ഉയർത്തുന്നതിനാൽ ഒരുപക്ഷെ ഈയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പല്ലിശ നിരക്ക് കുറച്ചേക്കില്ല. അദ്ധ്യാപകർക്കും നഴ്സുമാർക്കും 5.5 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ, സൈനികർക്ക് ആറു ശതമാനത്തിന്റെ വർദ്ധനവ് ലഭിക്കും. ജയിൽ ജീവനക്കാർക്ക് അഞ്ചു ശതമാനത്തിന്റെയും പോലീസുകാർക്ക് 4.75 ശതമാനത്തിന്റെയും ശമ്പള വർദ്ധനവ് ലഭിക്കും.
© Copyright 2024. All Rights Reserved