മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് റൈറ്റ്സ് പോകുന്നത് മലയാളത്തിൽ നിന്നാണ്. റീമേക്ക് റൈറ്റ്സ് മാർക്കറ്റിൽ എക്കാലവും മലയാള സിനിമയ്ക്ക് ഡിമാൻഡ് ഉണ്ടായിരുന്നുവെങ്കിലും ഒടിടിയുടെ കാലത്ത് അത് കൂടിയിട്ടുണ്ട്. പുതിയ ചിത്രങ്ങളുടെ റീമേക്കുകളെക്കുറിച്ചാണ് നമ്മൾ അധികവും കേൾക്കുന്നതെങ്കിലും ഇപ്പോഴിതാ ഒരു മുൻകാല സൂപ്പർഹിറ്റ് ചിത്രത്തിന് റീമേക്ക് വരികയാണ്. ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവ്വഹിച്ച് 2014 ൽ പുറത്തിറങ്ങിയ കോമഡി ചിത്രം റിംഗ് മാസ്റ്ററിനാണ് റീമേക്ക് വരുന്നത്. തമിഴ് ഭാഷയിലാണ് ചിത്രം പുനർ നിർമ്മിക്കപ്പെടുന്നത്.
ആർ കണ്ണൻ ആണ് ചിത്രത്തിൻറെ സംവിധാനം. സേട്ടൈ, ബൂമറാംഗ്, ബിസ്കോത്ത്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (മലയാളം ചിത്രത്തിൻറെ റീമേക്ക്) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കണ്ണൻ. മാൾവി മൽഹോത്രയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡി ഇമ്മൻ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അതേസമയം ചിത്രത്തിൽ ദിലീപിൻറെ റോളിൽ എത്തുന്നത് ആരെന്നത് അറിവായിട്ടില്ല.
വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിച്ച ചിത്രം ദിലീപിൻറെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നാണ്. ഡോഗ് ട്രെയ്‍നർ ആയിരുന്നു ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച പ്രിൻസ് എന്ന കഥാപാത്രം. തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രം കുട്ടികളുടെയും പ്രിയ ചിത്രമാണ്. അതിനാൽത്തന്നെ ടെലിവിഷൻ സംപ്രേഷണത്തിലും എപ്പോഴും കാണികളെ നേടാറുള്ള സിനിമയാണ് ഇത്. ഹണി റോസ്, കലാഭവൻ ഷാജോൺ, അജു വർഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
© Copyright 2024. All Rights Reserved