കീർ സ്റ്റാർമർ സർക്കാരിന്റെ കന്നി ബജറ്റിന് കാത്തിരിക്കുകയാണ് രാജ്യം. ബുധനാഴ്ചയാണ് ബജറ്റ്. 14 വർഷത്തിന് ശേഷമുള്ള ലേബർ സർക്കാരിന്റെ ആദ്യ ബജറ്റ് എപ്രകാരം ആയിരിക്കുമെന്ന കാര്യത്തിൽ ജനം ആകാംക്ഷയിലാണ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.
-------------------aud--------------------------------
അധികാരത്തിലെത്തിയാൽ ഇൻകം ടാക്സ്, നാഷനൽ ഇൻഷുറൻസ്, വാറ്റ് എന്നിവ വർധിപ്പിക്കില്ലെന്ന് ലേബർ പാർട്ടി മാനിഫെസ്റ്റോയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ അധികാരം ഏറ്റയുടൻ 22 ബില്യൺ പൗണ്ടിന്റെ ബ്ലാക്ക്ഹോൾ തീർത്താണ് ടോറി സർക്കാർ അധികാരം ഒഴിഞ്ഞതെന്ന് പ്രഖ്യാപിച്ച്, കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് സർക്കാർ ജനങ്ങൾക്കു നൽകിയത്. ഇത് മറികടക്കാൻ നികുതി വർധിപ്പിക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്.
പ്രത്യക്ഷമായ നികുതി വർധനയ്ക്കു പകരം അസെറ്റ് ടാക്സ്, ഇൻഹെറിറ്റൻസ് ടാക്സ് എന്നിവയിൽ കാതലായ മാറ്റങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. തൊഴിലാളികളുടെ നാഷനൽ ഇൻഷുറൻസ് വിഹിതത്തിൽ മാറ്റങ്ങൾ വരുത്താതെ തൊഴിലുടമകൾ നൽകുന്ന വിഹിതത്തിൽ വർധന വരുത്താനാണ് തീരുമാനം. 20 ബില്യൺ പൗണ്ട് ഇത്തരത്തിൽ സമാഹകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പരോക്ഷമായി തൊഴിലാളികളെ തന്നെ ബാധിക്കും. പല വലിയ സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചാകും ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുക.
നികുതി വർധനയ്ക്കൊപ്പം 40 ബില്യൺ പൗണ്ടിന്റെ ചെലവ് ചുരുക്കലും ബജറ്റിന്റെ പ്രഖ്യാപനങ്ങളിൽ ഉണ്ടാകും. ബുധനാഴ്ച പന്ത്രണ്ടരയ്ക്കാണ് ലേബർ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുക. മുൻ ചാൻസിലർ കൂടിയായ പ്രതിപക്ഷ നേതാവ് റിഷി സുനാക് തുടർന്ന് ബജറ്റിനോട് പ്രതികരിച്ച് പ്രസംഗിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിൽ റിഷിയുടെ അവസാനത്തെ പ്രസംഗമാകും ഇത്. നവംബർ രണ്ടിന് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ടോറി നേതാവാകും പിന്നീട് പ്രതിപക്ഷ നേതാവ്.
© Copyright 2024. All Rights Reserved