റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ചു പോയവരാണു കുടുങ്ങിയത്. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നുള്ള യുവാക്കൾക്കാണു ദുരിതം.
റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ സേനയിൽ ചേർന്നു യുക്രെയ്ന് എതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ ഇന്ത്യക്കാരായ യുവാക്കളെ നിർബന്ധിക്കുന്നതായാണു വിവരം. എങ്ങനെയെങ്കിലും നാട്ടിലേക്കു തിരിച്ചെത്തിക്കണമെന്നു യുവാക്കൾ വിഡിയോ സന്ദേശമയച്ചു. തുടർന്നു യുവാക്കളുടെ കുടുംബങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു കത്തു നൽകി. തൊഴിൽ തട്ടിപ്പിന് ഇരയായാണ് റഷ്യയിൽ എത്തിയതെന്നു യുവാക്കൾ പറഞ്ഞു. ഹൈടെക് തട്ടിപ്പിൻ്റെ ഇരകളാണെന്നും തങ്ങളെ രക്ഷിക്കണമെന്നും കുടുംബത്തിന് അയച്ച വിഡിയോയിൽ തെലങ്കാന സ്വദേശി മുഹമ്മദ് സുഫിയാൻ അഭ്യർഥിച്ചു. സൈനിക വേഷത്തിലായിരുന്നു സുഫിയാൻ. ആർമി സെക്യൂരിറ്റി ഹെൽപേഴ്‌സ് എന്ന ജോലി വാഗ്ദാനം ചെയ്തത് 2023 ഡിസംബറിലാണു റിക്രൂട്ടിങ് ഏജൻസി തങ്ങളെ റഷ്യയിലേക്ക് അയച്ചതെന്നു യുവാക്കൾ പറയുന്നു. ദുബായിൽ 30,000 - 40,000 രൂപ ശമ്പളമുണ്ടായിരുന്ന യുവാക്കൾക്കു 2 ലക്ഷം വരെ വാഗ്ദാനം ചെയ്തതാണു റഷ്യയിലേക്ക് അയച്ചത്.
ജോലിക്കായി ഓരോരുത്തരിൽനിന്നും റിക്രൂട്ടിങ് ഏജന്റുമാർ 3.5 ലക്ഷം വീതം വാങ്ങിയെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. അറുപതിലേറെ ഇന്ത്യൻ യുവാക്കളെ സമ്മതമില്ലാതെ റഷ്യയിൽ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. റഷ്യൻ ഭാഷയിലുള്ള കരാറിൽ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണു സമ്മതം വാങ്ങിയത്. യുട്യൂബ് ചാനൽ നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയാണു യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്നാണു സൂചന.
© Copyright 2025. All Rights Reserved