യുകെയിൽ എത്തുന്ന മലയാളികളുടെ അടക്കം ആദ്യ ലക്‌ഷ്യം ഡ്രൈവിങ് ലൈസൻസ് ആണ്. വലിയ കടമ്പയാണ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ വേണ്ടത്. എന്നാൽ അശ്രദ്ധയും വീഴ്ചയും സംഭവിച്ചാൽ ഡ്രൈവിങ് ലൈസൻസ് കിട്ടിയതിനേക്കാൾ വേഗത്തിൽ പോകും. പിന്നെ തിരിച്ചു കിട്ടണമെങ്കിൽ ശിക്ഷ കാലാവധി കഴിഞ്ഞ് വീണ്ടും ആദ്യം മുതൽ തിയറി- പ്രാക്ടിക്കൽ ടെസ്റ്റുകൾ എഴുതണം.
-------------------aud--------------------------------
ഒരാൾക്ക് ലൈസൻസ് കിട്ടിക്കഴിഞ്ഞ് രണ്ടു വർഷത്തിനിടയിൽ ആറ് പിഴ പോയിന്റ് ലഭിച്ചാൽ ആണ് ഓട്ടോമാറ്റിക്കലി ലൈസൻസ് റദ്ദാവുക. ഒരു തവണ മൊബൈൽ ഫോണിൽ സംസാരിച്ച് വണ്ടി ഓടിച്ച് പിടിക്കപ്പെട്ടാൽ തന്നെ ആറ് പോയിന്റ് ആവും. സ്പീഡിങ് അടക്കമുള്ളവ രണ്ടു തവണ തെറ്റിച്ചാൽ ആറ് പോയിന്റ് തികയും. സാധാരണ കുറ്റങ്ങൾക്ക് മൂന്ന് പോയിന്റ് ആണ് പിഴയെങ്കിൽ ചില കുറ്റങ്ങൾക്ക് ആറും ഒൻപതുമൊക്കെ പിഴ പോയിന്റ് ലഭിക്കാറുണ്ട്.
നിയമങ്ങൾ കർശനമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലുള്ള കുറ്റങ്ങൾക്ക് ലൈസൻസ് നഷ്ടപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായതായി കണക്കുകൾ പറയുന്നു. 2022 ൽ 591 പേരുടെ ലൈസൻസുകൾ റദ്ദാക്കിയപ്പോൾ 2023 ൽ അത് 1046 ആയി ഉയർന്നു എന്ന് ഡി വി എൽ എ യുടെ കണക്കുകൾ കാണിക്കുന്നു. 2024 ൽ ഇതുവരെ 918 ഡ്രൈവർമാർക്കാണ് ലൈസൻസ് നഷ്ടമായിരിക്കുന്നത്.
ലൈസൻസ് എടുത്ത് രണ്ട് വർഷക്കാലത്തിനിടയിൽ ആറ് പെനാൽറ്റി പോയിന്റുകളിൽ അധികം നേടിയവർക്കാണ് അധികവും ലൈസൻസ് നഷ്ടമായിരിക്കുന്നത്. ഡി വി എൽ എ യുടെ നിയമമനുസരിച്ച്, ലൈസൻസിൽ ആറ് പെനാൽറ്റി പോയിന്റുകൾ ലഭിച്ചാൽ ലൈസൻസ് സ്വമേധയാ റദ്ദാകും. ഇത്തരത്തിൽ ലൈസൻസ് റദ്ദായാൽ, അയോഗ്യത കൽപ്പിക്കപ്പെടുന്ന കാലാവധി കഴിഞ്ഞതിന് ശേഷം ഇവർ ഡ്രൈവിംഗ് ടെസ്റ്റിന്റെ തിയറി- പ്രാക്റ്റിക്കൽ ടെസ്റ്റുകൾ വീണ്ടും പാസ്സായാൽ മാത്രമെ ലൈസൻസ് ലഭിക്കുകയുള്ളു.
നിരീക്ഷണം കൂടുതൽ കർശനമാക്കിയതോടെയാണ് വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നത്. പുതിയ ഡ്രൈവർമാരോട് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഡി വി എൽ എ സ്വീകരിക്കുന്നത്. ഫോൺ, സാറ്റ് നാവ്, ടാബ്ലറ്റ് എന്നിവ പോലുള്ള കണക്റ്റഡ് ഡിവൈസുകൾ ഡ്രൈവിംഗ് സമയത്ത് ഉപയോഗിച്ചാൽ കനത്ത ശിക്ഷയായിരിക്കും നേരിടേണ്ടി വരിക.
ഈ സീറോ ടോളറൻസ് നയവും, കുറ്റം ചെയ്തവരുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കൺസർവേറ്റീവ് സർക്കാർ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച്, ഒരു ഹാൻഡ് ഹെൽഡ് മൊബൈൽ ഫോൺ, വാഹനമോടിക്കുമ്പോൾ ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ല. സ്‌ക്രീനിൽ വെളിച്ചം തെളിയിക്കുക, അറിയിപ്പുകൾ പരിശോധിക്കുക, ഡിവൈസ് അൺലോക്ക് ചെയ്യുക തുടങ്ങി എല്ലാ നടപടികളും ഈ നിയമത്തിൻ കീഴിൽ നിരോധിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് 200 പൗണ്ടിന്റെ പിഴയായിരിക്കും ആദ്യം വിധിക്കുക. പിന്നീട് ഓരോ തവണ കുറ്റം ആവർത്തിക്കപ്പെടുമ്പോഴും പിഴ വർധിക്കും. ആറ് തട്ടുകളിലായാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഇത് ഡ്രൈവിംഗ് ലൈസൻസ് എടുത്ത് രണ്ട് വർഷം കഴിഞ്ഞവർക്ക് മാത്രമാണ്. പുതിയ ഡ്രൈവർമാരുടെ ലൈസൻസ് ഉടനടി റദ്ദ് ചെയ്യപ്പെടും.
© Copyright 2024. All Rights Reserved