തണുപ്പ് കടുത്തതോടെരാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 20 സെന്റിമീറ്റർ വരെ മഞ്ഞ് വീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. ആർട്ടിക് കാറ്റ് മൂലം താപനില -11 സെൽഷ്യസ് വരെ താഴുക കൂടി ചെയ്യുന്നതോടെ യാത്രകൾ കൂടുതൽ ദുരിതത്തിലാകുമെന്നാണ് കരുതുന്നത്.
നോർത്ത് ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിലും, വെയിൽസിലും നാല് ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോട്ടിഷ് ഹൈലാൻഡ്‌സിൽ എട്ട് ഇഞ്ച് മഞ്ഞ് വീഴുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്നലെ മുതൽ തന്നെ ആദ്യത്തെ ശൈത്യകാല കാലാവസ്ഥ എത്തിച്ചേർന്നു. എന്നാൽ കൂടുതൽ ശക്തമായ മഞ്ഞ് ഇന്ന് കംബ്രിയയിലെ നോർത്തംബർലാൻഡിലും, നോർത്തിലെ പെന്നൈൻസിലും എത്തിച്ചേരുമെന്നാണ് പ്രവചനം. വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്. റോഡിൽ യാത്രാ തടസ്സങ്ങളും, വാഹനങ്ങളും, യാത്രക്കാരും കുടുങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ചില പ്രാദേശിക സമൂഹങ്ങൾ ഒറ്റപ്പെട്ട് പോകാനും ഇടയുണ്ട്. 2018 മാർച്ചിലാണ് ഇതിന് മുൻപ് മഞ്ഞ് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചത്.
മെറ്റ് ഓഫീസിന്റെ കാലാവസ്ഥാ മുന്നറിയിപ്പ് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. വ്യാഴാഴ്ച വെസ്റ്റേൺ പെന്നൈൻസ്, ലേക് ഡിസ്ട്രിക്ട്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോർത്ത് വെസ്റ്റ് വെയിൽസ് എന്നിവിടങ്ങളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. വാഹനങ്ങളിൽ യാത്ര തുടങ്ങുമ്പോൾ ചൂടുള്ള വസ്ത്രങ്ങൾ, ഭക്ഷണം, വെള്ളം, ബ്ലാങ്കെറ്റ്, ടോർച്ച്, ഫുൾ ചാർജ്ജ് ചെയ്ത ഫോൺ, ബാക്ക് അപ്പ് ചാർജ്ജർ എന്നിവ കൈവശം വെയ്ക്കാനാണ് നിർദ്ദേശം.
© Copyright 2024. All Rights Reserved