കഴിഞ്ഞ നാല് വർഷത്തിൽ ഏറെയായി മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. 'ആടുജീവിതം'. ഓരോ മലയാളിയും വായിച്ച് മനഃപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം സിനിമാ രൂപത്തിൽ എത്തുമ്പോൾ അത് എങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് അത്. നജീബായുള്ള പൃഥ്വിരാജിന്റെ പരകായ പ്രവേശം കാണാനുള്ള ആകാംക്ഷയും പ്രേക്ഷകർക്ക് ഏറെയാണ്. ചിത്രത്തിനായി പൃഥ്വി നടത്തിയ ത്യാഗകഥകൾ പലപ്പോഴും പുറത്തുവന്നിരുന്നു. മലയാള സിനിമയുടെ തലവര തന്നെ മാറ്റിമറിക്കാൻ പോകുന്ന ആടുജീവിതത്തിന്റെ വൻ അപ്ഡേറ്റ് വരാൻ ഒരുങ്ങുകയാണ്.
ആടുജീവിതത്തിന്റെ റിലീസ് തിയതി എത്തുന്നു എന്നതാണ് ആ അപ്ഡേറ്റ്. നാളെ അതായത് നവംബർ 30ന് വൈകുന്നേരം നാല് മണിക്ക് റിലീസ് തിയതി പുറത്തുവരും. റിലീസ് വിവരം പങ്കുവച്ച് ഒരു ചെറു വീഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 2018 മാർച്ചിൽ കേരളത്തിൽ ആണ് ആടുജീവിതം തുടങ്ങുന്നത്. 2019ൽ സംഘം ജോർദാനിൽ എത്തി. 2020 മാർച്ച് വരെ അവിടെ തന്നെ ആയിരുന്നു. അന്ന് കൊവിഡ് മഹാമാരി കാരണം സിനിമാ ടീം ജോർദാനിൽ കുടുങ്ങിയ വാർത്ത പുറത്തുവന്നിരുന്നു. 2022 ഏപ്രിലിൽ അൽജീരിയയിലും 2022 മെയ്യിൽ വീണ്ടും ജോർദ്ദാനിൽ തന്നെ ഷൂട്ടിംഗ് നടന്നു. ശേഷം 2022 ജൂലൈയിൽ ആടുജീവിതത്തിന് പാക്കപ്പ് പറയുക ആയിരുന്നു.
മികച്ച വീഡിയോകൾ . ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം പാൻ- ഇന്ത്യൻ റിലീസ് ആയാണ് ഒരുങ്ങുന്നത്. പൃഥ്വിരാജ് സുകുമാരന് ഒപ്പം അമല പോളും ശോഭ മോഹനും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ വിദേശ കലാകാരന്മാരും ചിത്രത്തിലുണ്ട്. എ ആർ റഹ്മാൻ ആണ് സംഗീത സംവിധാനം. കെ.എസ്. സുനിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാം പ്രശാന്ത് മാധവ് ആണ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. സൂര്യ ചിത്രം കങ്കുവയുടെ മേക്കപ്പും രഞ്ജിത്ത് ആണ്.
© Copyright 2024. All Rights Reserved