നഴ്‌സുമാർ ഈ വർഷം നടത്തിയ സമരങ്ങളിൽ സ്വന്തം തടി രക്ഷിക്കാനുള്ള പണികൾ മാത്രമാണ് രാഷ്ട്രീയക്കാർ ചെയ്തതെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് നേതാവ്. എൻഎച്ച്എസ് നഴ്‌സുമാരുടെ ശമ്പളത്തിലും, സ്റ്റാഫിംഗ് ലെവലിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് ജനറൽ സെക്രട്ടറി പാറ്റ് കുള്ളെന്റെ വാദം.
ആവശ്യമായ വിപ്ലവം നടത്തുന്നതിലേക്ക് വെസ്റ്റ്മിൻസ്റ്റർ എത്തിയില്ലെന്നും ആർസിഎൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി. അംഗങ്ങൾക്ക് അയച്ച പുതുവർഷ സന്ദേശത്തിലാണ് 2024-ൽ മന്ത്രിമാരെ മാറ്റങ്ങൾക്കായി നിർബന്ധിക്കേണ്ടി വരുമെന്ന ആവശ്യം പാറ്റ് കുള്ളെൻ മുന്നോട്ട് വെച്ചത്.
ശമ്പളവർദ്ധനയും, സുരക്ഷിതമായ സ്റ്റാഫിംഗ് ലെവലും നടപ്പാക്കാനുള്ള ഉറപ്പുകൾ നേടിയെടുക്കുന്നതാണ് അടുത്ത വർഷത്തെ ലക്ഷ്യങ്ങളെന്നാണ് പാറ്റ് കുള്ളെൻ വ്യക്തമാക്കുന്നത്. 'കഴിഞ്ഞ ക്രിസ്മസിനും, അതിന് ശേഷവും നമ്മൾ പിക്കറ്റ് ലൈനിലുണ്ടായിരുന്നു. ഒരു പ്രൊഫഷനെന്ന നിലയിൽ ഇത്രയേറെ ശബ്ദം ഉണ്ടാക്കിയിട്ടില്ല. നമ്മുടെ കാര്യങ്ങൾ ആരും കേൾക്കാതെ വന്നതോടെയാണ് ഇത് വേണ്ടിവന്നത്', കുള്ളെൻ പറഞ്ഞു.
രാഷ്ട്രീയക്കാർ നമുക്ക് തന്നത് നാമമാത്ര വർദ്ധനവാണ്. സ്വന്തം തടി രക്ഷിക്കാൻ അല്ലാതെ നഴ്‌സിംഗ് ആവശ്യങ്ങൾക്കും, രോഗികൾക്ക് വേണ്ടതുമൊന്നും ഇവർ പരിഗണിച്ചില്ല, ജനറൽ സെക്രട്ടറി വിമർശിച്ചു. 2024 ഇലക്ഷൻ വർഷം കൂടിയായതിനാൽ ഇതിലേക്ക് വെല്ലുവിളിക്കാൻ ആർസിഎൻ തീരുമാനിച്ചതായും പാറ്റ് കുള്ളെൻ പറഞ്ഞു.
© Copyright 2024. All Rights Reserved