വരുന്ന വർഷം വിനോദയാത്രയ്ക്ക് പോകാൻ പദ്ധതിയിടുന്നുവെങ്കിൽ ആദ്യം അന്തർ ദേശീയ സെക്യുരിറ്റി ഏജൻസി പ്രസിദ്ധീകരിച്ച പട്ടികയൊന്ന് വായിക്കണം. ഇന്റർനാഷണൽ എസ് ഒ എസ് എന്ന കൺസൾട്ടൻസി സ്ഥാപനം പുറത്തിറക്കിയ പുതിയ ലിസ്റ്റിൽ 2024- ൽ യാത്ര ചെയ്യുവാൻ ഏറെ അപകടം പിടിച്ച രാജ്യങ്ങൾ ഏതോക്കെയെന്നും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നും വ്യക്തമാക്കുന്നു. രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര കലാപങ്ങൾ തുടങ്ങിയവയാണ് മിക്ക രാജ്യങ്ങളിലും വിനോദ സഞ്ചാരികൾക്ക് നേരെ ഭീഷണി ഉയർത്തുന്നത്. അതേസമയം ഇത്തവണ, വിനോദസഞ്ചാരികൾക്ക് ഭീഷണി ഉയർത്തുന്ന ഘടകങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെട്ടിരിക്കുന്നു.
യാത്ര ചെയ്യാൻ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ യുക്രെയിൻ, ലിബിയ, സൗത്ത് സുഡാൻ, സിറിയ, ഇറാഖ് എന്നിവ ഉയർന്ന സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണിയാണ് ഇവയെ ഈ സ്ഥാനങ്ങളിൽ എത്തിച്ചത്. മറുഭാഗത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ലിസ്റ്റിൽ ഗ്രീൻലാൻഡ്, നോർവേ, ഫിൻലാൻഡ്, ഐസ്ലാൻഡ്, ലക്സംബർഗ് എന്നിവ ഉന്നത സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
വരുന്ന വർഷത്തിൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, അസമാധാനം, രാഷ്ട്രീയ അസ്ഥിരത എന്നിവ വ്യാപാര- വാണിജ്യ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ എസ് ഒ എസിലെ ഗ്ലോബൽ സെക്യുരിറ്റി ഡയറക്ടർ സാലി ലെവ്ലിൻ പറയുന്നു. ഇതിന്റെ ഭാഗമായി മദ്ധ്യൂപൂർവ ദേശങ്ങളിലെ ചില ഭാഗങ്ങൾ, യുക്രെയിൻ എന്നിവ ഏറ്റവും അപകടകരമായ മേഖലകളായി മാറും എന്നും റിപ്പോർട്ടിൽ പറയുന്നു.
അപകട സാധ്യത ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ യു കെയും യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു. അമേരിക്ക, കാനഡ, ചൈന, ജപ്പാൻ, ആസ്ട്രേലിയ, ന്യുസിലാൻഡ് എന്നീ രാജ്യങ്ങളും ഏറ്റവും അപകടം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ ഇടത്തരം അപകട സാധ്യതകൾ ഉള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അൾജീരിയ, കെനിയ, ബ്രസീൽ, പെറു, ബൊളീവിയ, മെക്സിക്കോ ഫിലിപ്പൈൻസ്, ഇറാൻ, ടർക്കി റഷ്യ എന്നിവ ഉൾപ്പെടുന്നത്.
നിലവിലുള്ളതും, മെല്ലെ രൂപപ്പെട്ടു വരുന്നതുമായ സംഘർഷങ്ങളുടെ വെളിച്ചത്തിൽ ഈ വർഷം അപകടസാധ്യത വർദ്ധിച്ച ഇടങ്ങളിൽ ലെബനൻ, പാലസ്തീൻ, റഷ്യ എന്നി രാജ്യങ്ങൾ ഉൾപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിച്ചുവരികയും അസ്ഥിരത വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൊളംബിയയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. അതേ സമയം, എൽ സാൽവഡോറിന്റെ ഭാഗങ്ങൾ, നേപ്പാൾ എന്നിവിടങ്ങളിൽ ഈ വർഷം അപകട സാധ്യത കുറയുകയാണ് ഉണ്ടായിട്ടുള്ളത്.
© Copyright 2024. All Rights Reserved