ബ്രിട്ടനെ വളർച്ചയുടെ പാതയിലേക്ക് എത്തിക്കാനും ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റാനും ഓട്ടം സ്‌റ്റേറ്റ്‌മെന്റിൽ നികുതികൾ കുറയ്ക്കാനുള്ള ശക്തമായ പ്രഖ്യാപനങ്ങൾ. ഏറ്റവും വലിയ ബിസിനസ് ടാക്‌സ് വെട്ടിച്ചുരുക്കൽ വരുത്താൻ ചാൻസലർ ജെറമി ഹണ്ട് തയാറെടുത്തിരിക്കുകയാണ് . ഓട്ടം സ്‌റ്റേറ്റ്‌മെന്റിൽ നികുതി ചുരുക്കുന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന മുൻ നിലപാടുകൾ തിരുത്തിയാണ് ശക്തമായി തന്നെ ഈ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഹണ്ട് രംഗത്ത് വന്നിരിക്കുന്നത്. ജോലി ചെയ്ത് ജീവിക്കുന്ന കുടുംബങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കാനും പുതിയ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടും.
ബിസിനസുകളെയും, കുടുംബങ്ങളെയും സഹായിക്കുന്ന പാക്കേജുകൾ അവതരിപ്പിച്ച് കുറഞ്ഞ ടാക്‌സ് പാർട്ടിയെന്ന ടോറികളുടെ പേര് തിരിച്ചുനൽകാനാകും ചാൻസലർ ശ്രമിക്കുക. 28 മില്ല്യൺ ജനങ്ങളുടെ നാഷണൽ ഇൻഷുറൻസ് തുക കുറച്ച് നൽകുന്നതിന് പുറമെ, പ്രതിവർഷം 10 ബില്ല്യൺ പൗണ്ടിന്റെ ബിസിനസ് ടാക്‌സ് ബ്രേക്കും, ബെനഫിറ്റുകളിലും, സ്റ്റേറ്റ് പെൻഷനിലും സുപ്രധാന വർദ്ധനവും നൽകിയാകും ഹണ്ടിന്റെ ജനപ്രിയ നടപടികൾ.
ബിയർ, വൈൻ, സ്പിരിറ്റ് എന്നിവയുടെ ഡ്യൂട്ടികൾ വർദ്ധിപ്പിക്കുന്നത് നിർത്തിവെയ്ക്കുന്ന ചാൻസലർ, പബ്ബുകൾ, ബാറുകൾ എന്നിവയുടെ 75 ശതമാനം ബിസിനസ് റേറ്റ് ഹോളിഡേ നീട്ടിനൽകാനും തയ്യാറാകുമെന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച കോമൺസിൽ സാമ്പത്തിക പ്രഖ്യാപനം നടത്തുമ്പോൾ രാജ്യത്തെ സമ്പദ് വ്യവസ്ഥ ട്രാക്കിൽ തിരിച്ചെത്തിയെന്നും ഹണ്ട് സ്ഥിരീകരിച്ചേക്കും.
സ്റ്റേറ്റ് പെൻഷനിൽ 8.5 ശതമാനം വർദ്ധനവ് നടപ്പാക്കാനുള്ള നീക്കത്തിന് ഹണ്ട് അംഗീകാരം നൽകിയെന്നാണ് സൂചന. ഇതോടെ ട്രിപ്പിൾ ലോക്ക് നടപ്പാക്കുമെന്ന വാഗ്ദാനം ടോറികൾ പാലിച്ചുവെന്ന് ഉറപ്പാക്കും. ആഴ്ചയിൽ 17.33 പൗണ്ട്, അല്ലെങ്കിൽ പ്രതിവർഷം 900 പൗണ്ട് എന്ന നിലയിലാകും ഈ വർദ്ധന.
© Copyright 2024. All Rights Reserved