എൻ എച്ച് എസ്സിലെ നഴ്‌സ്മാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള സർക്കാർ നടപടികൾ എങ്ങും എത്തിയിട്ടില്ലെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സുമാരുടെ എണ്ണത്തിൽ 16 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായപ്പോൾ, ചികിത്സകൾക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ 70 ശതമാനം വർദ്ധനവ് ഉണ്ടായതായും ആർ സി എൻ. 2019-ൽ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചതിന് ശേഷമുള്ള വർദ്ധനവാണിത്.
ഇപ്പോഴും എൻ എച്ച് എസ് അപകടകരാം വിധം നഴ്‌സുമാരുടെ ക്ഷാമം അനുഭവിക്കുമ്പോൾ, സർക്കാർ നൽകിയ വലിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനായി എൻ എച്ച് എസ് ലോംഗ് ടേം വർക്ക്‌ഫോഴ്‌സ് പ്ലാനിനായി കൂടുതൽ തുക അനുവദിക്കണമെന്നും ആർ സി എൻ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിൽ, എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായ നേരിയ വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് വൻ വർദ്ധനവാണ്. 2019-ൽ 43,452 റെജിസ്റ്റേർഡ് നഴ്‌സുമാരുടെ ഒഴിവുണ്ടായിരുന്ന ഇംഗ്ലണ്ടിൽ ഇപ്പോഴുള്ളത് 43,339 ഒഴിവുകളാണ്. അതെസമയം, 2019- ന് ശേഷം കാര്യമായ ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം, പുതിയ നഴ്‌സുമാരെ നിയമിക്കുന്നതിന്റെ 4 മടങ്ങ് വേഗത്തിലാണ് വർദ്ധിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വ്യത്യസ്ത മേഖലകളിൽ, നഴ്‌സുമാരുടെയും രോഗികളുടെയും അനുപാതങ്ങൾ തമ്മിൽ ഏറെ വ്യത്യാസമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ രോഗികളുടെ പരിചരണം ഒരു വിധത്തിൽ പോസ്റ്റ്‌കോഡ് ലോട്ടറിയായി മാറീയിരിക്കുന്നു. ചിലയിടങ്ങളിൽ, നഴ്‌സുമാരുടെ ക്ഷാമം അതീവ ഗുരുതരമാണ്. ഇതിന് പരിഹാരമായി കൂടുതൽ ആളുകൾക്ക് നഴ്‌സിംഗ് പഠനത്തിനുള്ള സഹായം നൽകണം എന്നും ആർ സി എൻ ആവശ്യപ്പെടുന്നു. ഇംഗ്ലണ്ടിൽ ഈ വർഷം നഴ്‌സിംഗ് പഠനത്തിന് ചേരുമെന്ന് കരുതിയവരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ കുറവുണ്ടായതായും ആർ സി എൻ ചൂണ്ടിക്കാട്ടി. നിലവിൽ, എൻ എം സി റെജിസ്റ്ററിൽ കയറുന്നവരിൽ പകുതിയോളം പേർ വിദേശ നഴ്‌സുമാരാണെന്നും ആർ സി എൻ ഓർമ്മപ്പെടുത്തുന്നു. ആഗോള തലത്തിൽ തന്നെ നഴ്‌സിംഗ് ക്ഷാമം നിലനിൽക്കുമ്പോൾ വലിയ തോതിൽ വിദേശത്തു നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലെ നൈതികത ചോദ്യം ഉയർത്തുന്നുണ്ട്. മാത്രമല്ല, ഇത് ചെലവേറിയതും അതേസമയം ശാശ്വതമല്ലാത്തതുമായ ഒരു പ്രക്രിയയാണ് താനും.. അതിനും പുറമെ അടുത്ത കാലത്ത് റിക്രൂട്ട് ചെയ്യപ്പെട്ട നഴ്‌സുമാരിൽ ചിലർ വന്നിരിക്കുന്നത്, ആരോഗ്യ പ്രവർത്തകരുടെ കടുത്ത ക്ഷാമം നേരിടുന്നതിന്റെ പേരിൽ ലോകാരോഗ്യ സംഘടന റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുമാണ്. ഇത്തരം രാജ്യങ്ങളിൽ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യരുതെന്ന നിർദ്ദേശവും ലോകാരോഗ്യ സംഘടന നൽകിയിരുന്നു. ഒരു നഴ്‌സും, ഇപ്പോൾ ജീവനക്കാർ കൂടുതലുണ്ടെന്ന് പറയില്ല എന്ന് ആർ സി എൻ ഇംഗ്ലണ്ട് ഡയറക്ടർ പട്രീഷ്യ മാർക്വിസ് പറയുന്നു. രോഗികളുടെ എണ്ണം വ്രർദ്ധിച്ചു വരുമ്പോൾ, നഴ്‌സുമാരുടെ എണ്ണം അപകടകരമാം വിധം കുറയുകയാണ്. ഒരേസമയം, ഒരു നഴ്‌സ് 10 മുതൽ 15 രോഗികളുടെ വരെ പരിചരണം ഏറ്റെടുക്കുന്നത് രോഗികൾക്കും നഴ്‌സുമാർക്കും ഒരുപോലെ അപകടകരമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. അതുപോലെ കിടക്കകൾ ഇടനാഴികളിൽ വിരിച്ച് രോഗികളെ പരിചരിക്കുന്നത് തീർത്തും സുരക്ഷിതവുമല്ല.
നിലവിൽ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം രോഗികളുടെ എണ്ണത്തിനെ ആശ്രയിച്ചുള്ളതല്ല, മാത്രമല്ല, വിദേശ നഴ്‌സുമാരിൽ അമിതമായി ആശ്രയിക്കുന്നത് ദീർഘവീക്ഷണത്തോടെയുള്ള നടപടിയുമല്ല എന്നും ആർ സി എൻ കുറ്റപ്പെടുത്തുന്നു. ആഭ്യന്തരമായി തന്നെ നഴ്‌സുമാരുടെ വിപുലമായ ഒരു സമൂഹം വളർത്തിയെടുക്കുക എന്നതാണ് ശാശ്വതമായ പരിഹാരം എന്നും ആർ സി എൻ പറയുന്നു. ഒരു നഴ്‌സിംഗ് വിദ്യാർത്ഥി പരിശീലനം പൂർത്തിയാക്കുവാൻ ശരാശരി 50,000 പൗണ്ട് വായ്പ എടുക്കുന്നുണ്ട്. നഴ്‌സിംഗ് വിദ്യാർത്ഥികളുടെ ഫീസ് നിർത്തലാക്കണമെന്നും, നഴ്‌സുമാർക്ക് മെച്ചപ്പെട്ട വേതനം ഉറപ്പു വരുത്തണമെന്നും ആർ സി എൻ ആവശ്യപ്പെട്ടു. എന്നാൽ, മാത്രമെ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന നഴ്‌സിംഗ് ക്ഷാമം ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളു എന്നും പട്രിഷ്യ ഓർമ്മപ്പെടുത്തുന്നു.
© Copyright 2024. All Rights Reserved