പ്രധാനമന്ത്രി റിഷി സുനാകിനു തലവേദനയായി 60 ടോറി എംപിമാർ റുവാൻഡ ഇമിഗ്രേഷൻ ബില്ലിനെതിരെ വിമതനീക്കത്തിന്. വിവാദമായ റുവാൻഡ ഇമിഗ്രേഷൻ ബിൽ സഭയിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ 60 ടോറി എംപിമാർ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാൻ സുനാകിന് സാധിക്കാതെ പോയാൽ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
പാർട്ടിയുടെ വൈസ് ചെയർമാൻമാരായ ലീ ആൻഡേഴ്‌സണും, ബ്രെൻഡൻ ക്ലാർക്ക് സ്മിത്തും നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചത് പ്രധാനമന്ത്രിക്ക് അവസാനനിമിഷം തിരിച്ചടിയായി. മുൻ ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 60 എംപിമാരാണ് നിയമം കടുപ്പിച്ച് യൂറോപ്യൻ ജഡ്ജിമാരുടെ ഇടപെടൽ തടയണമെന്ന് ആവശ്യപ്പെട്ട് വിമതപക്ഷത്തുള്ളത്.
കെമി ബാഡെനോക്കിന്റെ സഹായി ജെയിൻ സ്റ്റീവെൻസണെ വിമതർക്കൊപ്പം വോട്ട് ചെയ്തതിന് പുറത്താക്കിയിട്ടുണ്ട്. ഇന്നലെ വിമതർ ആവശ്യപ്പെട്ട ഭേദഗതികൾ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് മൂന്നാം വായന നടക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന് പ്ലാൻ മുക്കാനുള്ള അവസരം വിമതർക്ക് ലഭിക്കും. 30 ടോറി എംപിമാരെങ്കിലും എതിർത്ത് വോട്ട് ചെയ്താൽ പ്രധാനമന്ത്രിക്ക് അത് കനത്ത തിരിച്ചടിയാകും.
കുടിയേറ്റക്കാർ വ്യക്തിപരമായി നിയമപോരാട്ടം നടത്തുന്നതും, യൂറോപ്യൻ മനുഷ്യാവകാശ കോടതികളുടെ ഇടപെടലും തടയാത്തിടത്തോളം നിയമം പ്രാവർത്തികമാകില്ലെന്നാണ് വിമത നേതാക്കളുടെ നിലപാട്. ബോറിസ് ജോൺസൺ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി. മാറ്റങ്ങൾ ഇല്ലെങ്കിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് മുൻ ക്യാബിനറ്റ് മന്ത്രിമാരായ സുവെല്ലാ ബ്രാവർമാൻ, റോബർട്ട് ജെന്റിക്ക്, സിമോൺ ക്ലാർക്ക് എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും ബില്ലിൽ ഭേദഗതികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി തയാറായില്ലെങ്കിൽ പാർലമെന്റിൽ സുനാകിന് പരാജയം ഏറ്റുവാങ്ങേണ്ടി വരും. ഇത് സംഭവിച്ചാൽ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രിയെന്ന് സ്രോതസ്സുകൾ പറയുന്നു.
© Copyright 2024. All Rights Reserved